ന്യൂദല്‍ഹി: കൊവിഡിനുള്ള മരുന്നാണെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പ്രതികരണവുമായി പതഞ്ജലി പ്രതിനിധികള്‍ രംഗത്ത്.
കൊറോണില്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പതഞ്ജലിയുടെ വിശദീകരണം. സത്യം അംഗീകരിക്കാന്‍ ഐ.എം.എയ്ക്ക് കഴിയാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നാണ് പതഞ്ജലിയുടെ മുഖ്യവക്താവായ തിജാര്‍വാല പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സത്യം അംഗീകരിക്കാന്‍ ഐ.എം.എയ്ക്ക് എന്തോ ബുദ്ധിമുട്ടുള്ള പോലെ. വൈദ്യശാസ്ത്ര രംഗത്തെ തെറ്റായ വിവരങ്ങളെ ഇങ്ങനെ വ്യാപിക്കാന്‍ ശ്രമിക്കരുത്’, തീജാര്‍വാല ട്വിറ്ററിലെഴുതി.
ഫെബ്രുവരി 22നാണ് കൊറോണിലിന്റെ ശാസ്ത്രീയ വശത്തെപ്പറ്റി ചോദ്യം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയത്.
ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം മരുന്നുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് ഐ.എം.എ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു.
കൊറോണില്‍ വാക്സിന്‍ ഫലപ്രദമാണെന്ന് കേന്ദ്രം വിശ്വസിക്കുന്നുവെങ്കില്‍ പിന്നെന്തിനാണ് 35000 കോടി രൂപ ചെലവിട്ട് രാജ്യത്ത് വാക്സിനേഷന്‍ ആരംഭിച്ചതെന്നും ഐ.എം.എ പ്രതിനിധികള്‍ ചോദിച്ചു.
ഇതു സംബന്ധിച്ച് രാജ്യത്തെ ജനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി കൃത്യമായ വിശദീകരണം നല്‍കണമെന്നും ഐ.എം.എ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഫെബ്രുവരി 19നാണ് കൊവിഡിനുള്ള മരുന്നാണെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ മരുന്ന് ഫലപ്രദമാണെന്ന് പ്രഖ്യാപിച്ച് പതഞ്ജലി സ്ഥാപകന്‍ രാംദേവ് രംഗത്തെത്തിയത്. മരുന്ന് ഫലപ്രദമാണ് എന്നതിന്റെ ശാസ്ത്രീയ തെളിവുകള്‍ ആണെന്ന് അവകാശപ്പെട്ട് ചില രേഖകളും രാംദേവ് പുറത്തുവിട്ടിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അടക്കം പങ്കെടുത്ത ചടങ്ങിലാണ് തെളിവ് എന്ന അവകാശപ്പെടുന്ന രേഖകള്‍ പുറത്തുവിട്ടത്. കൊവിഡിനുള്ള മരുന്നെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണില്‍ കഴിച്ച് രോഗം ഭേദമായെന്നായിരുന്നു രാം ദേവിന്റെ അവകാശവാദം.
കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്നും ചില പ്രചരണങ്ങളുണ്ടായിരുന്നു.
എന്നാല്‍ പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഫാക്ട് ചെക്കിംഗ് സൈറ്റായ ആള്‍ട്ട് ന്യൂസ് കണ്ടെത്തിയിരുന്നു.
ന്യൂസ് 18, ഏഷ്യാനെറ്റ് ന്യൂസ് ഹിന്ദി, ജിയോ ന്യൂസ്, ന്യൂസ് നാഷണ്‍, ടിവി 9 തുടങ്ങിയ മാധ്യമങ്ങള്‍ കൊറോണിലിന് ലോകാര്യോഗ സംഘടനയുടെ അംഗീകാരം കിട്ടിയതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്നു.
ലോകാരോഗ്യ സംഘടനയുടെ ഒരു സംഘം തന്റെ കമ്പനി സന്ദര്‍ശിക്കുകയും കൊറോണിലിന് 150 ലധികം രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് അര്‍ഹതയുണ്ടെന്ന് കരുതുന്ന ലൈസന്‍സ് നല്‍കുകയും ചെയ്തുവെന്ന് രാംദേവ് അവകാശപ്പെട്ടിരുന്നു.
എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കൊറോണിലിന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ ഗുഡ്‌സ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജി.എം.പി) കംപ്ലയിന്റ് സര്‍ട്ടിഫിക്കറ്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഡക്റ്റ് (സി.പി.പി) ആണ് ലഭിച്ചതെന്ന് പതഞ്ജലി ആയുര്‍വേദ മാനേജിംഗ് ഡയറക്ടര്‍ ബാല്‍കൃഷ്ണ പറഞ്ഞു.
ന്യൂസ് നാഷണ്‍ പതഞ്ജലി സ്ഥാപകന്‍ രാംദേവുമായി നടത്തിയ ‘എക്‌സ്‌ക്ലൂസീവ്’ അഭിമുഖത്തിലാണ് അവതാരകന്‍ ദീപക് ചൗരാസിയ കൊവിഡിനെ തടയാന്‍ ഫലപ്രദമായ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചെന്ന് അവകാശപ്പെട്ടത്.
ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയതിന് രാം ദേവിനെ ന്യൂസ് 18 അവതാരകന്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. കൊറോണില്‍ ഇപ്പോള്‍ ‘ഡബ്ല്യു.എച്ച്.ഒ-സര്‍ട്ടിഫൈഡ്’ ആണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: Patanjali Response On Coronil Row