തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; 14 പതഞ്‌ജലി ഉത്പന്നങ്ങളുടെ വില്പന നിർത്തി, സുപ്രീം കോടതിയെ അറിയിച്ച് കമ്പനി
NATIONALNEWS
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; 14 പതഞ്‌ജലി ഉത്പന്നങ്ങളുടെ വില്പന നിർത്തി, സുപ്രീം കോടതിയെ അറിയിച്ച് കമ്പനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2024, 9:38 am

ന്യൂദൽഹി: ഏപ്രിലിൽ ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിങ് അതോറിട്ടി സസ്‌പെൻഡ് ചെയ്ത 14 ഉത്പന്നങ്ങളുടെ വിൽപന നിർത്തിവെച്ചതായി ബാബ രാംദേവിന്റെ പതഞ്‌ജലി ആയുർവേദ ലിമിറ്റഡ് സുപ്രീം കോടതിയെ അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കമ്പനിക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് കോടതി 14 ഉത്പന്നങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു.

പതഞ്ജലിയുടെ വിവാദ പരസ്യങ്ങളിൽ സുപ്രീം കോടതി വിശദമായ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് നടപടി. പതഞ്ജലി പരസ്യങ്ങള്‍ നീക്കം ചെയ്തോയെന്ന് ഉറപ്പാക്കണമെന്ന് കോടതി ഐ.എം.എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍)യ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ പരസ്യങ്ങളും പിൻവലിച്ചതായും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഈ പരസ്യങ്ങൾ നീക്കംചെയ്യുന്നത് ഉറപ്പാക്കാൻ നടപടിയെടുക്കുന്നതായും കമ്പനി വ്യക്തമാക്കി.

ഈ ഉത്പന്നങ്ങൾ പിൻവലിക്കാൻ തങ്ങളുടെ 5 ,606 സ്റ്റോറുകൾക്ക് നിർദേശം നൽകിയതായി പതഞ്‌ജലി ആയുർവേദ ലിമിറ്റഡ് അറിയിച്ചു. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും സന്ദീപ് മേത്തയുമടങ്ങുന്ന ബെഞ്ചിനെയാണ് പതഞ്ജലി വിവരങ്ങൾ അറിയിച്ചത്.

ഈ പതിനാല് ഉത്പന്നങ്ങളുടെ എല്ലാ രൂപത്തിലുമുള്ള പരസ്യങ്ങൾ പിൻവലിക്കാൻ മാധ്യമ പ്ലാറ്റ് ഫോമുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പതഞ്‌ജലി കൂട്ടിച്ചേർത്തു.

പതഞ്‌ജലി കേസുമായി ബന്ധപ്പെട്ട നടത്തിയ എല്ലാ വിവാദ പരാമർശങ്ങൾക്കും ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും പരസ്യമായി പത്രങ്ങളിലൂടെ ക്ഷമാപണം നടത്തുകയും ചെയ്തു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ബെഞ്ച് ജൂലൈ ൩൦ ലേക്ക് മാറ്റി.

സ്വസാരി ഗോൾഡ്സ്വ, സരി വതി, ബ്രോങ്കോം, സ്വസരി പ്രവാഹി, സ്വസാരി അവലേഹ്, മുക്തവതി അധിക ശക്തി, ലിപിഡം, ബി.പി ഗ്രിറ്റ്മ, ധുഗ്രിത്മ, ധുനാശിനിവതി അധിക ശക്തി, പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്പ് ഐ , ഗ്രിറ്റ് ഗോൾഡ്ലി,വോഗ്രിറ്റ്, ലിവാമൃത് അഡ്വാൻസ് എന്നീ ഉത്പന്നങ്ങളുടെ വില്പനയാണ് നിർത്തിയത്.

തെറ്റായ രീതിയിൽ പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി ഐ.എം.എയാണ് കമ്പനിക്കെതിരെ പരാതി നൽകിയത്. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പതഞ്ജലി അപകീർത്തികരമായ പ്രചരണം നടത്തിയെന്ന് ഐ.എം.എ പരാതിയിൽ ആരോപിച്ചിരുന്നു. ഇനിമുതൽ ഒരു നിയമലംഘനവും നടത്തില്ലെന്ന് കമ്പനി കഴിഞ്ഞ വർഷം നവംബർ 21ന് കോടതിക്ക് ഉറപ്പും നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ചുകൊണ്ട് കമ്പനി പിന്നീടും പരസ്യ പ്രചരണം തുടരുകയായിരുന്നു.

ലൈസന്‍സ് റദ്ദാക്കിയ 14 ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ ഒരു കാരണവശാലും എവിടെയും പ്രസിദ്ധീകരിക്കരുതെന്ന് കോടതി താക്കീത് നല്‍കിയിരുന്നു. തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ പതഞ്ജലിയുടെ ഓരോ ഉത്പന്നത്തിനും ഒരു കോടി രൂപ പിഴ ചുമത്തുമെന്നാണ് സുപ്രീം കോടതി താക്കീത് നല്‍കിയത്. പിന്നാലെ പലതവണ പരസ്യ മാപ്പപേക്ഷയുമായി പതഞ്ജലി രംഗത്തെത്തുകയും ചെയ്തിരുന്നു.

 

Content Highlight: Patanjali has stopped sale of 14 products, tells Supreme Court