നിങ്ങള്‍ സംയമനം പാലിക്കണമായിരുന്നു: ഐ.എം.എ പ്രസിഡന്റിന്റെ മാപ്പപേക്ഷയില്‍ സുപ്രീം കോടതി
India
നിങ്ങള്‍ സംയമനം പാലിക്കണമായിരുന്നു: ഐ.എം.എ പ്രസിഡന്റിന്റെ മാപ്പപേക്ഷയില്‍ സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2024, 4:43 pm

ന്യൂദല്‍ഹി: പതഞ്ജലി കേസില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ മാപ്പപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ആര്‍.വി അശോകന്‍ ഒരു മാധ്യമ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ കോടതിയില്‍ മാപ്പപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ ആര്‍.വി അശോകന്റെ മാപ്പപേക്ഷ തള്ളിയ ബെഞ്ച് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ അസംതൃപ്തി രേഖപ്പെടുത്തി.

പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡും അതിന്റെ സ്ഥാപകരും കൊവിഡ്-19 വാക്‌സിനേഷന്‍ ഡ്രൈവിനും മോഡേണ്‍ മെഡിസിനും എതിരെ നടത്തിയ അപവാദ പ്രചാരണത്തിനെതിരെ ഐ.എം.എ ഫയല്‍ ചെയ്ത കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം.

ചില റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ പ്രാക്ടീഷണര്‍മാരെ കോടതി വിമര്‍ശിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും ഇത് അവരുടെ മനോവീര്യം കെടുത്തിയെന്നുമായിരുന്നു അശോകന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

പരാമര്‍ശം കേസിലേക്ക് നയിച്ചതിന് പിന്നാലെയാണ് അശോകന്‍ കോടതിയില്‍ മാപ്പപേക്ഷ നല്‍കിയത്. ‘ആത്മനിയന്ത്രണം പാലിക്കേണ്ട സമയങ്ങളുണ്ട്. ഐ.എം.എ പ്രസിഡന്റ് എന്ന നിലയില്‍ നിങ്ങള്‍ സംയമനം പാലിക്കണമായിരുന്നു. നിങ്ങളുടെ അഭിമുഖങ്ങളില്‍ ഞങ്ങള്‍ അത് കണ്ടില്ല,’ കോടതി പറഞ്ഞു.

പതഞ്ജലിയുടെ വിവാദ പരസ്യങ്ങളുടെ കേസില്‍ രാംദേവ്, ബാലകൃഷ്ണ, പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് എന്നിവര്‍ക്ക് നല്‍കിയ കോടതിയലക്ഷ്യ നോട്ടീസില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് മാറ്റിവെച്ച സുപ്രീം കോടതി ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് രാംദേവിനും ബാലകൃഷ്ണക്കും വ്യക്തിപരമായി ഹാജരാകുന്നതിനുള്ള അനുമതിയും നിഷേധിച്ചു.

കോടതിയലക്ഷ്യ കേസില്‍ ഉത്തരവുകള്‍ മാറ്റിവെച്ച ബെഞ്ച്, ഈ വിഷയത്തിലുള്ള ആളുകളുടെ ധാരണകളെ കുറിച്ച് പരാമര്‍ശിച്ചു. ‘പൊതുജനങ്ങള്‍ ബോധവാന്മാരാണ്, അവര്‍ക്ക് നല്ലത് തെരഞ്ഞെടുക്കാനറിയാം. ബാബ രാംദേവിന് വലിയ സ്വാധീനമുണ്ട്, അത് ശരിയായ രീതിയില്‍ ഉപയോഗിക്കുക,’ കോടതി പറഞ്ഞു. യോഗയ്ക്ക് വേണ്ടി ബാബ രാംദേവ് ചെയ്യുന്ന കാര്യങ്ങള്‍ നല്ലതാണ്. എന്നാല്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ അപലപനീയമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Content Highlight: Patanjali Case : Supreme Court Refuses To Accept Apology Of Indian Medical Association President