ന്യൂദല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി എന്ന കേസില്‍ സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞ് പതഞ്ജലി. തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ ഖേദിക്കുന്നതായി പതഞ്ജലി ഗ്രൂപ്പ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
തെറ്റായ പരസ്യങ്ങള്‍ നല്‍കി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു എന്ന പരാതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ പതഞ്ജലി ഗ്രൂപ്പ് എം.ഡി ആചാര്യ ബാലകൃഷ്ണയും യോഗാ ഗുരു ബാബാ രാംദേവും നേരിട്ട് ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി അറിയിച്ചിരുന്നു.
കോടതിയലക്ഷ്യ നോട്ടീസിന് കമ്പനി മറുപടി നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
ഫെബ്രുവരിയില്‍ രോഗം ഭേദമാകുമെന്ന് തെറ്റായി അവകാശപ്പെട്ട് പതഞ്ജലി അവരുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്താകെ വിറ്റെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ആരോപണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു.
ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പതഞ്ജലി അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്ന് ഐ.എം.എ അവരുടെ പരാതിയില്‍ ആരോപിച്ചിരുന്നു. ഇനിമുതല്‍ ഒരു നിയമലംഘനവും നടത്തില്ലെന്ന് കമ്പനി കഴിഞ്ഞ വര്‍ഷം നവംബര്‍ 21ന് കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.
Content Highlight: Patanjali Apologizes to Supreme Court for Misleading Advertisements