ഐ.സി.സി ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ഫൈനലില്‍ പ്രവേശിച്ചിരുന്നു.
നവംബര്‍ 19ന് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയെ നേരിടുന്നതിന് മുന്നോടിയായി തന്റെ ആവേശം പങ്കുവെച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്.
ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത് പ്രത്യേക വികാരം ആണെന്നും ഈ ലോകകപ്പില്‍ തങ്ങളുടെ ടീം ഫൈനല്‍ കളിക്കും എന്ന് ഒരിക്കലും കരുതിയില്ലെന്നുമാണ് കമ്മിന്‍സ് പറഞ്ഞത്.
‘ഞങ്ങള്‍ കുറച്ചുപേര്‍ ഇതിന് മുമ്പ് ഒരു ഫൈനല്‍ കളിച്ചിട്ടുണ്ട്. ടി-20 ലോകകപ്പില്‍ രണ്ട് താരങ്ങള്‍ നേരത്തെ കളിച്ചിട്ടുണ്ട്. സ്റ്റേഡിയം മുഴുവന്‍ നിറഞ്ഞ ഗാലറിയോടെ നില്‍ക്കുന്നത് ആവേശകരമായിരിക്കും. മത്സരം തീര്‍ത്തും ഏകപക്ഷീയമായിരിക്കും. അതുകൊണ്ട് തന്നെ ഈ ഫൈനല്‍ വളരെ പ്രത്യേകത ഉള്ളതായിരിക്കും. 2015ലെ ലോകകപ്പ് എന്റെ കരിയറിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇന്ത്യയില്‍ നിന്നും മറ്റൊരു ലോകകപ്പ് ഫൈനല്‍ കളിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല,’ പാറ്റ് കമ്മിന്‍സ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 49.4 ഓവറില്‍ 212 റണ്‍സിന് പുറത്താവുകയായിരുന്നു. സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ ഡേവിഡ് മില്ലര്‍ 116 പന്തില്‍ 101 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസിസ് 47.2 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ ബാക്കി നില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. ജയത്തോടെ ഓസ്‌ട്രേലിയ ഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്തു.
മറുഭാഗത്ത് സെമിയില്‍ കിവീസിനെ 70 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ ടീമിന്റെ വരവ്. ടൂര്‍ണമെന്റിലെ പത്ത് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തിയത്.
2011ന് ശേഷം ഇന്ത്യ സ്വന്തം മണ്ണില്‍ കിരീടം ഉയര്‍ത്താനും മറുഭാഗത്ത് ഓസ്‌ട്രേലിയന്‍ ടീം ആറാം ലോക കിരീടം ലക്ഷ്യം വെച്ചും കളത്തിലിറങ്ങുമ്പോള്‍ ഫൈനല്‍ തീപാറുമെന്നുറപ്പാണ്.
Content Highlight: Pat Cummins talks about the Australian cricket team.