അവൻ അപകടകാരിയാണ്, ഓസ്‌ട്രേലിയയിൽ വെച്ച് ഞങ്ങൾ അവനെ നിശബ്ദമാക്കും: പാറ്റ് കമ്മിൻസ്
Cricket
അവൻ അപകടകാരിയാണ്, ഓസ്‌ട്രേലിയയിൽ വെച്ച് ഞങ്ങൾ അവനെ നിശബ്ദമാക്കും: പാറ്റ് കമ്മിൻസ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th September 2024, 1:41 pm

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ വെച്ച് കളിക്കുക.

ഈ ആവേശകരമായ പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിനെ കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം പാറ്റ് കമ്മിന്‍സ്. പന്ത് ആക്രമണാത്മകമായ ബാറ്റിങ്ങാണ് നടത്തുന്നതെന്നും ഈ ശൈലി തുടരുമെന്നുമാണ് കമ്മിന്‍സ് പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം.

‘ഇന്ത്യന്‍ ടീം വളരെ അക്രമണാത്മകമായാണ് കളിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു. അത് അവര്‍ തുടരുക തന്നെ ചെയ്യും. റിഷബ് പന്ത് മികച്ച ഷോട്ടുകളിലൂടെ കളിക്കുന്ന താരമാണ്. അവന് വരാനിരിക്കുന്ന പരമ്പരകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് ഞങ്ങള്‍ അവനെ നിശബ്ദനാക്കാന്‍ ശ്രമിക്കണം,’ കമ്മിന്‍സ് പറഞ്ഞു.

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയാണ് പന്ത് തിളങ്ങിയത്. 128 പന്തില്‍ 109 റണ്‍സും നേടിയാണ് പന്ത് നിര്‍ണായകമായത്. 13 ഫോറുകളും നാല് സിക്‌സുകളുമാണ് താരം നേടിയത്. മത്സരത്തില്‍ ഇന്ത്യ 280 റൺസിയാണ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 515 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 234 റണ്‍സിന് പുറത്താവുകയായിരുന്നു.

അതേസമയം ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര സ്വന്തം മണ്ണില്‍ എത്തിക്കാനായിരിക്കും ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് നവംബറില്‍ വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ കൈകളിലാണ്. ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്.

അതുകൊണ്ടുതന്നെ കങ്കാരുപ്പടയ്‌ക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര ആയിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറുഭാഗത്ത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും നഷ്ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ നേടാനുമായിരിക്കും കങ്കാരുപ്പട അണിനിരക്കുക.

 

Content Highlight: Pat Cummins Talks About Rishabh Pant