ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ-ഓസ്ട്രേലിയയില്‍ വെച്ച് കളിക്കുക.
ഇപ്പോഴിതാ ഈ ആവേശകരമായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഓസ്ട്രേലിയയുടെ ബൗളിങ് യൂണിറ്റിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സൂപ്പര്‍താരം പാറ്റ് കമ്മിന്‍സ്.
‘ഞങ്ങള്‍ക്ക് വളരെ മികച്ച ഓള്‍റൗണ്ടര്‍മാരാണ് ഉള്ളത്. ചില സമയങ്ങളില്‍ അവരെ ഞങ്ങള്‍ക്ക് വിചാരിച്ചത്രയും ഉപയോഗിക്കേണ്ടി വന്നിട്ടില്ല. ഇതൊരു മഹത്തായ കാര്യമാണ്. കഴിഞ്ഞ രണ്ട് സമ്മറുകളില്‍ ഞങ്ങള്‍ക്ക് മത്സരങ്ങള്‍ വളരെ കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ പെട്ടെന്ന് ഒരുപാട് ടെസ്റ്റ് മത്സരങ്ങള്‍ മുന്നില്‍ വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ സമ്മര്‍ കുറച്ചു വ്യത്യസ്തമാണെന്ന് ഞാന്‍ കരുതുന്നു.
ഞങ്ങള്‍ കാമറൂണ്‍ ഗ്രീനിനേയും മിച്ചല്‍ മാര്‍ഷിനെയും കുറച്ചുകൂടി നന്നായി ഉപയോഗിക്കും. കാമിനെ പോലെയുള്ള ഒരാള്‍ അടിസ്ഥാനപരമായി ഷീല്‍ഡ് ക്രിക്കറ്റില്‍ ഒരു ബൗളറായാണ് തുടങ്ങിയത്. പക്ഷേ അവന് ടെസ്റ്റ് മത്സരങ്ങളില്‍ ഒരുപാട് പന്തെറിയേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ അവന് കുറച്ചു പ്രായമുണ്ട്, അതുകൊണ്ടുതന്നെ ഞങ്ങള്‍ കുറച്ചുകൂടി അവനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ബാറ്റിങ്ങില്‍ ഗ്രീനും മാര്‍ഷും ആദ്യ ആറ് സ്ഥാനങ്ങളില്‍ എത്തുക എന്നുള്ളത് വളരെ ആഡംബരമായ കാര്യമാണ്,’ പാറ്റ് കമ്മിന്‍സ് പ്ലേ ക്രിക്കറ്റ് വീക്കിന്റെ ലോഞ്ചിങ് ചടങ്ങില്‍ പറഞ്ഞു.
ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര സ്വന്തമാക്കാനായിരിക്കും ഇന്ത്യ ഓസ്ട്രേലിയയിലേക്ക് നവംബറില്‍ വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ ഷെല്‍ഫിലാണ്.
ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്. അതുകൊണ്ടുതന്നെ കങ്കാരുപടയ്ക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര ആയിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറുഭാഗത്ത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും നഷ്ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ നേടാനുമായിരിക്കും കങ്കാരുപ്പട അണിനിരക്കുക.
Content Highlight: Pat Cummins Talks About Australian Cricket Team