| Monday, 20th May 2024, 12:05 pm

അവന്‍ അപകടകാരിയാണ്, അവനെതിരെ ബൗള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല: ഇന്ത്യന്‍ താരത്തെകുറിച്ച് കമ്മിന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റുകള്‍ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെടുത്തിയിരുന്നു. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദ് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യംബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 19.1 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

28 പന്തില്‍ 66 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഹൈദരാബാദ് ജയിച്ചു കയറിയത്. അഞ്ച് ഫോറുകളും ആറ് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മത്സരശേഷം അഭിഷേക് ശര്‍മയുടെ മികച്ച പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സംസാരിച്ചു. അഭിഷേക് മികച്ച താരമാണെന്നും അദ്ദേഹത്തിനെതിരെ പന്തറിയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് കമ്മിന്‍സ് പറഞ്ഞത്.

‘സീസണില്‍ ഹോം ഗ്രൗണ്ടില്‍ ഏഴ് മത്സരങ്ങളില്‍ ആറിലും ഞങ്ങള്‍ ജയിച്ചു. ഹൈദരാബാദ് ടീമില്‍ ചേരുന്നതിന് മുമ്പ് എനിക്ക് ഇവിടെയുള്ള ആരെയും അറിയില്ലായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് മികച്ച രീതിയിയിലാണ് കളിച്ചിട്ടുള്ളത്. അഭിഷേക് ശര്‍മ അതിശയകരവും വളരെ ഭയപ്പെടുത്തുന്ന രീതിയിലുമാണ് കളിക്കുന്നത്. അവനെതിരെ ബോള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

നിതീഷ് കുമാര്‍ ഒരു ക്ലാസ്സ് താരമാണ്. അവന്‍ വളരെ പക്വതയോടെയാണ് മത്സരങ്ങളില്‍ കളിക്കുന്നത്. ഞാന്‍ ഇതിനുമുമ്പ് പ്ലേ ഓഫിന്റെ ഭാഗമായിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയതില്‍ വളരെയധികം ആവേശം തോന്നുന്നു. എനിക്കിന്ന് മത്സരങ്ങള്‍ക്കായാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്,’ കമ്മിന്‍സ് പറഞ്ഞു.

സീസണില്‍ 13 മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 467 റണ്‍സ് ആണ് അഭിഷേക് അടിച്ചെടുത്തത്. 38.92 ആവറേജിലും 209.42 സ്ട്രൈക്ക് റേറ്റിലും ആണ് താരം ബാറ്റ് വീശിയത്.

മെയ് 21ന് നടക്കുന്ന ആദ്യ ക്വളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ എതിരാളികള്‍. അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Pat Cummins talks about Abhishwk Sharma

We use cookies to give you the best possible experience. Learn more