| Wednesday, 4th September 2024, 2:10 pm

ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ രണ്ട് പരമ്പരയില്‍ വിജയിക്കാന്‍ സാധിച്ചില്ല, അത് തിരുത്താനുള്ള സമയമായി: പാറ്റ് കമ്മിന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇനി ഇന്ത്യയും ഓസ്‌ട്രേലിയയും റെഡ് ബോളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ്. പരമ്പര നവംബര്‍ 26നാണ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക.

രണ്ടാം മത്സരം ഡിസംബര്‍ ആറ് മുതല്‍ 10 വരെയും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെയും, നാലാം ടെസ്റ്റ് 26 മുതല്‍ 30 വരെയും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയും നടക്കും. ഇപ്പോള്‍ പരമ്പരയ്ക്ക് മുന്നോടിയായി ഓസ്ട്രേലിയന്‍ സ്റ്റാര്‍ ബൗളറും ക്യാപ്റ്റനുമായ പാറ്റ് കമ്മിന്‍സ് സംസാരിച്ചിരിക്കുകയാണ്. താന്‍ ഇന്ത്യയുമായുള്ള പരമ്പരയ്ക്ക് കാത്തിരിക്കുകയാണെന്നും പരമ്പരയില്‍ വിജയിച്ച് ട്രോഫി നേടുമെന്നുമാണ് കമ്മിന്‍സ് പറഞ്ഞിരിക്കുന്നത്.

‘ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഞങ്ങള്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കെതിരായ മത്സരങ്ങള്‍ ഏകപക്ഷീയമല്ല, അത് എല്ലായ്‌പ്പോഴും ഫിഫ്റ്റി ഫിഫ്റ്റി ചാന്‍സിലാണ്. എന്നാലും ഞാന്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ആവേശത്തിലാണ്,’ പാറ്റ് കമ്മിന്‍സ് പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയലും ഇന്ത്യ ഓസീസിന്റെ തട്ടകത്തില്‍ വിജയം സ്വന്തമാക്കിയിരുന്നു. മാത്രമല്ല നടക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഇന്ത്യ വിജയിക്കുമെന്നും ഹാട്രിക് വിജയം സ്വന്തമാക്കുമെന്നും മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞിരുന്നു.

അടുത്ത ടൂര്‍ണമെന്റില്‍ വിജയിച്ചാല്‍ ഓസീസിനെതിരെ തുടര്‍ച്ചയായി അഞ്ച് വിജയം സ്വന്തമാക്കാനും ഇന്ത്യയ്ക്ക് അവസരമുണ്ട്. മാത്രമല്ല സ്വന്തം തട്ടകത്തില്‍ പരമ്പര സ്വന്തമാക്കാന്‍ ടീമിന് സാധിക്കുമെന്നാണ് കമ്മിന്‍സ് വിശ്വസിക്കുന്നത്.

‘ഇന്ത്യയ്ക്കെതിരെ നാട്ടില്‍ നടന്ന കഴിഞ്ഞ രണ്ട് പരമ്പരകളിലും ഞങ്ങള്‍ക്ക് വിജയിക്കാനായില്ല. തിരുത്താന്‍ സമയമായി. അവര്‍ ഞങ്ങളെ തോല്‍പ്പിച്ചെങ്കിലും ഞങ്ങളെ പരാജയപ്പെടുത്തിയെങ്കിലും അവര്‍ക്കെതിരെ ഞങ്ങള്‍ക്ക് ധാരാളം വിജയങ്ങളുണ്ട്. അത് ഇത്തവണ ഞങ്ങളെ സഹായിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Pat Cummins Talking About Border Gavaskar Trophy

We use cookies to give you the best possible experience. Learn more