ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറ് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഈ സീസണിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 18.1 ഓവറില്‍ ആറ് വിക്കറ്റ് ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ബൗളിങ്ങില്‍ മിന്നും പ്രകടനമാണ് നായകന്‍ പാറ്റ് കമ്മിന്‍സ് നടത്തിയത്. നാലു ഓവറില്‍ 29 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റ് ആണ് ഓസ്‌ട്രേലിയന്‍ താരം നേടിയത്.
ചെന്നൈ സൂപ്പര്‍താരം ശിവം ദൂബെയെ പുറത്താക്കി കൊണ്ടായിരുന്നു കമ്മിന്‍സ് കരുത്ത് കാട്ടിയത്. 24 പന്തില്‍ 45 റണ്‍സി നേടിയ ദൂബെയെ പതിനാലാം ഓവറിലെ നാലാം പന്തില്‍ ആയിരുന്നു ഹൈദരാബാദ് നായകന്‍ പുറത്താക്കിയത്. കമ്മിന്‍സിന്റെ പന്തില്‍ ഭുവനേശര്‍ കുമാറിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
ഇതിനു പിന്നാലെ ഒരു പുതിയ അവിസ്മരണീയമായ നേട്ടത്തിലേക്കാണ് ഓസ്‌ട്രേലിയന്‍ താരം നടന്നു കയറിയത്. ഐപിഎല്ലില്‍ 50 വിക്കറ്റുകള്‍ എന്ന പുതിയ നാഴിക കല്ലിലേക്കാണ് കമ്മിന്‍സ് നടന്നു കയറിയത്.
A half-century of #IPL wickets for our brilliant Ca𝗣𝗔𝗧ain 😍
കമ്മിന്‍സിന് പുറമേ ഭുവനേശ്വര്‍ കുമാര്‍, ജയ്‌ദേവ് ഉനത്ഖട്ട്, ഷഹബാസ് അഹമ്മദ്, നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
ഓറഞ്ച് ആര്‍മിക്ക് വേണ്ടി എയ്ഡന്‍ മര്‍ക്രം 36 പന്തില്‍ 50 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാല് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. അഭിഷേക് ശര്‍മ 12 പന്തില്‍ മൂന്ന് ഫോറും നാലു സിക്സും ഉള്‍പ്പെടെ 37 റണ്‍സും നേടി. 24 പന്തില്‍ 31 റണ്‍സ് നേടിയ ട്രാവിസ് ഹെഡും നിര്‍ണായകമായി.
അതേസമയം ചെന്നൈ ബാറ്റിങ്ങില്‍ 24 പന്തില്‍ 45 റണ്‍സ് നേടിയ ശിവം ദൂബെയാണ് സൂപ്പര്‍ കിങ്‌സിന്റെ ടോപ് സ്‌കോറര്‍. രണ്ട് ഫോറുകളും നാല് സിക്‌സുകളും ആണ് ദൂബെയുടെ ബാറ്റില്‍ നിന്നും പിറന്നത്. 30 പന്തില്‍ 35 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയും 21 പന്തില്‍ പുറത്താവാതെ 31 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും നിര്‍ണായകമായി.
ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയുമടക്കം നാല് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഹൈദരാബാദ്. ഏപ്രില്‍ ഒമ്പതിന് പഞ്ചാബ് കിങ്സിനെതിരെയാണ് ഓറഞ്ച് ആര്‍മിയുടെ അടുത്ത മത്സരം. മൊഹാലിയാണ് വേദി.
Content Highlight: Pat Cummins take 50 wickets in IPL