ലോകകപ്പില്‍ ഒരു ടീമിനെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ മികച്ചതാവേണ്ടതില്ല: പാറ്റ് കമ്മിന്‍സ്
2023 ICC WORLD CUP
ലോകകപ്പില്‍ ഒരു ടീമിനെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ മികച്ചതാവേണ്ടതില്ല: പാറ്റ് കമ്മിന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th November 2023, 8:52 pm

2023 നവംബര്‍ 19ന് നടക്കാനിരിക്കുന്ന ഐ.സി.സി ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടാന്‍ ഒരുങ്ങിക്കഴിഞ്ഞു. ടൂര്‍ണമെന്റില്‍ ഉടനീളം ആധിപത്യം ഉറപ്പിച്ച ഇന്ത്യക്കെതിരെ ഫൈനല്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്. എതിരാളികളെ തോല്‍പ്പിക്കാന്‍ തന്റെ ടീം മികച്ചതാവേണ്ടതില്ലെന്നും അദ്ദേഹം കരുതുന്നു.

‘ഞങ്ങള്‍ക്ക് നെതര്‍ലാന്‍ഡിനെതിരെ ഒരു മികച്ച കളി മാത്രമേ ഉണ്ടായിരുന്നുള്ളൂ, ബാക്കിയുള്ള കളികളില്‍ വിജയ മാര്‍ജിന്‍ വലുതല്ലായിരുന്നു, ഫൈനലില്‍ ഞങ്ങള്‍ അത് തിരുത്തും. എന്നാലും ഒരു ടീമിനെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ പരമാവധി ശ്രദ്ധിക്കേണ്ടതില്ല കാരണം അത് ഞങ്ങള്‍ ഒളിച്ചോടുകയാണെന്ന് വരുത്തിതീര്‍ക്കും,’ഓസീസ് നായകന്‍ മാധ്യമങ്ങളോട് സംസാരിച്ചു.

ഇന്ത്യയോട് മത്സരിക്കുന്നതില്‍ ഓസീസ് നായകന്‍ ടീം ഇലവന്‍ കൃത്യമാക്കിയിട്ടുപോലുമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. പിച്ച് കൃത്യമായി മനസിലാക്കി മാത്രമായിരിക്കും ഇലവന്‍ ഇടുന്നതെന്നാണ് കമ്മിന്‍സ് പറഞ്ഞത്.

മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡും നരേന്ദ്രമോഡി സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കം നല്‍കുമെന്നാണ് ഓസീസ് നായകന്‍ പ്രതീക്ഷിക്കുന്നത്. സൗത്ത് ആഫ്രിക്കക്കെതിരെ രണ്ടാം സെമിയില്‍ ഇരുവരും മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്.

‘സൗത്ത് ആഫ്രിക്കക്കെതിരെ അവര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ജോഷും സ്റ്റാര്‍ക്കും മാച്ച് വിന്നര്‍ ആണ്. അവരുടെ സ്‌പെല്ലുകള്‍ ഇന്ത്യക്കെതിരെ ഞങ്ങള്‍ക്ക് നിര്‍ണായകമാകും’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ മികച്ചതായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊരു മികച്ച യൂണിറ്റ് ആണെന്ന് പറയാന്‍ അദ്ദേഹം മടിച്ചു.

‘ഉത്തരം പറയാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ഞങ്ങള്‍ അവര്‍ക്കെതിരെ ഒരുപാട് മത്സരങ്ങള്‍ കളിക്കുകയും അതില്‍ നല്ല ഫലങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. മികച്ച ഇന്ത്യന്‍ സ്‌കോഡിനെതിരെയാണ് ഞങ്ങള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തായാലും ലോകം കാത്തിരിക്കുന്ന ഫൈനല്‍ മാമാങ്കത്തില്‍ ഇരുവരും വലിയ ആത്മവിശ്വാസത്തിലാണ്. വിജയം ആര്‍ക്കൊപ്പമാണെന്ന് കണ്ടറിയണം.

 

Content Highlight: Pat Cummins Says India Is Not A Big Team For Australia