ഓസ്‌ട്രേലിയയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തിരിച്ചുവരാനൊരുങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ താരം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍, ഏഷസ്, 2023 ലോകകപ്പ് എന്നിവയ്ക്ക് വേണ്ടിയുള്ള തയ്യാറെടുക്കലിലായിരുന്നു.
അദ്ദേഹത്തിന്റെ നേതൃത്വവും തകര്‍പ്പന്‍ ബൗളിങ്ങും ഓസീസിനെ ഏഷസും ലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും നേടിക്കൊടുത്തു. ഒരു ബൗളിങ് ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്.
ഐ.പി.എല്ലിന് മുന്നോടിയായുള്ള താരലേലത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരബാദാണ് കമ്മിന്‍സിനെ 20.5 കോടി രൂപ മുടക്കി സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുകയാണ് ഇത്. ഇപ്പോള്‍ ടീമിന്റെ ക്യാപ്റ്റനായും താരത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്.
നിലവില്‍ ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ആരാധകരില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് താരം സംസാരിക്കുകയുണ്ടായിരുന്നു. മാത്രമല്ല സ്വന്തം നാട്ടിലും ഇന്ത്യയിലും ചെലവിടുന്ന സമയം കാരണം ഇന്ത്യ തനിക്ക് രണ്ടാമത്തെ വീടായി തോന്നുന്നുവെന്നും താരം അഭിപ്രായപ്പെട്ടു.
‘ഇന്ത്യ എനിക്ക് രണ്ടാമത്തെ വീട് പോലെയാണ്. ഞങ്ങള്‍ ഇവിടെ ധാരാളം സമയം ചെലവഴിക്കുന്നു. ഐ.പി.എല്ലില്‍ എല്ലാവര്‍ക്കും ഹോം ടീമുകള്‍ ഉണ്ട്, അതിനാല്‍ ഞങ്ങള്‍ക്കും നിങ്ങള്‍ വലിയ പിന്തുണ നല്‍കുമെന്ന് കരുതുന്നു,’ അദ്ദേഹം പറഞ്ഞു.
Content Highlight: Pat Cummins Says India Is His Second Home