| Sunday, 18th September 2022, 4:42 pm

ഏഷ്യാ കപ്പില്‍ ആരാണ് ജയിച്ചതെന്ന് പോലും എനിക്ക് വ്യക്തമല്ല എന്നാല്‍ വിരാടിന്റെ സെഞ്ച്വറി ഞാന്‍ കണ്ടു; ഓസ്‌ട്രേലിയന്‍ നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് 2022 അടുത്തിടെ സമാപിച്ചെങ്കിലും അതിന്റെ ചര്‍ച്ചകളും മറ്റ് അഭിപ്രായങ്ങളും ആരാധകര്‍ക്കിടയില്‍ ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. ടി-20 ലോക കപ്പിന്റെ തയ്യാറെടുപ്പെന്നോണമായി ഇതിലും നല്ലൊരു ടൂര്‍ണമെന്റ് നടക്കാനില്ല എന്നു തന്നെ പറയാം. വളരെ തീവ്രവും ശക്തവുമായ പോരാട്ടമായിരുന്നു ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ അരങ്ങേറിയത്.

ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് ശേഷവും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. രോഹിത്തിനൊപ്പം ഓപ്പണിങ്ങിന് ആരെയിറക്കും എന്നതാണ് പ്രധാന വിഷയം. ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏഷ്യാ കപ്പില്‍ താരം കാഴ്ച വെച്ച മിന്നും പ്രകടനം ലോകകപ്പിലേക്കുള്ള യാത്രക്ക് മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്.

ഏഷ്യാ കപ്പില്‍ വിരാട് സെഞ്ച്വറി നേടിയതിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്. താന്‍ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് ഫോളോ ചെയ്തിരുന്നില്ലെന്നും എന്നാല്‍ കോഹ്‌ലിയുടെ പ്രകടനം അറിയാനിടയായിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘സത്യം പറഞ്ഞാല്‍ ഞാന്‍ ആ ടൂര്‍ണമെന്റുകളൊന്നും കണ്ടില്ല. ശ്രീലങ്കയാണ് മത്സരത്തില്‍ വിജയിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. ഒരു മാച്ചും ഞാന്‍ കണ്ടിട്ടില്ല. പക്ഷേ വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയത് ഞാന്‍ കണ്ടു. അദ്ദേഹം ഒരു ക്ലാസ് കളിക്കാരനാണ്. അദ്ദേഹം പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അടുത്ത ആഴ്ച നടക്കുന്ന മത്സരത്തില്‍ അദ്ദേഹം ഒരു വെല്ലുവിളിയായിരിക്കും,’ കമ്മിന്‍സ് പറഞ്ഞു.

ചൊവ്വാഴ്ച മൊഹാലിയില്‍ ആരംഭിക്കുന്ന ടി-20 പരമ്പരയില്‍ ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളില്‍ ഓസീസിനെ നയിക്കുന്നത് കമ്മിന്‍സാണ്. ഇന്ത്യയോട് ഇതിന് മുമ്പ് കമ്മിന്‍സ് ധാരാളം മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്.

ഇന്ത്യയിലെ വ്യത്യസ്ത ഗ്രൗണ്ടുകളില്‍ ധാരാളം മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നും ഓസ്‌ട്രേലിയയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ബൗണ്ടറി വളരെ ചെറുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസീസ് താരങ്ങള്‍ എല്ലാവരും ഇന്ത്യയില്‍ കളിച്ചിട്ടുള്ളതിനാല്‍ സാഹചര്യങ്ങള്‍ മനസിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് മത്സരങ്ങളില്‍ നിന്ന് സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 276 റണ്‍സ് നേടിയ കോഹ്‌ലിയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറര്‍. ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരെ 61 പന്തില്‍ പുറത്താകാതെ 122 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്.

Content Highlight: Pat Cummins says he didn’t watch Asia Cup but watched Virat Kohli’s Century

Latest Stories

We use cookies to give you the best possible experience. Learn more