icc world cup
ലോകകപ്പുമായി എത്തിയവനെ സ്വീകരിക്കാന്‍ ഒറ്റ കുഞ്ഞ് പോലുമില്ല; കമ്മിന്‍സെത്തിയപ്പോള്‍ എയര്‍പോര്‍ട്ട് ശൂന്യം; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Nov 22, 06:20 am
Wednesday, 22nd November 2023, 11:50 am

 

 

2023 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ തങ്ങളുടെ ആറാം ഏകദിന കിരീടം തലയിലണിഞ്ഞിരുന്നു. അഹമ്മദാബാദിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന് വിജയിച്ചാണ് ഓസ്‌ട്രേലിയ വീണ്ടും ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറിയത്.

എന്നാല്‍ ഓസ്‌ട്രേലിയയെ ലോകകീരിടം ചൂടിച്ച ക്യാപ്റ്റനെ ആരാധകര്‍ക്ക് വേണ്ടേ എന്ന ചോദ്യമാണ് ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ഉയരുന്നത്. ഓസീസ് നായകന്‍ ലോകകപ്പുമായി സ്വന്തം മണ്ണിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ ആരും തന്നെയില്ലാത്തതാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

ലോകകപ്പ് ജയിച്ചെത്തുന്ന ടീമിനെ സ്വീകരിക്കാന്‍ ആരാധകര്‍ എയര്‍പോര്‍ട്ടിലെത്തുന്നതും ആവേശം അലതല്ലുന്നതും പതിവാണ്. എന്നാല്‍ ഇപ്പോള്‍ പാറ്റ് കമ്മിന്‍സിനെ സ്വീകരിക്കാന്‍ ആരും തന്നെ എത്തിയില്ല എന്നതാണ് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നത്.

എയര്‍പോര്‍ട്ടില്‍ നിന്നും തന്റെ ലഗേജുമായി പുറത്തുവരുന്ന പാറ്റ് കമ്മിന്‍സിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ഏതാനും ചില മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് എയര്‍പോര്‍ട്ടിലുണ്ടായിരുന്നത്.

ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയ നടത്തിയത്. ആദ്യ രണ്ട് മത്സരത്തില്‍ പരാജയപ്പെടുകയും ഒരുവേള പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി മാറുകയും ചെയ്ത ഓസ്‌ട്രേലിയ പിന്നീടുള്ള മത്സരങ്ങളില്‍ കുതിച്ചുകയറുകയായിരുന്നു.

പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായാണ് ഓസീസ് സെമി ഫൈനലിന് യോഗ്യത നേടിയത്. സെമി ഫൈനലില്‍ രണ്ടാം സ്ഥാനക്കാരായ സൗത്ത് ആഫ്രിക്കയെ തറപറ്റിച്ചുകൊണ്ടായിരുന്നു ഓസീസിന്റെ മുന്നേറ്റം.

ഏകദിന മത്സരങ്ങളില്‍ സൗത്ത് ആഫ്രിക്കയുടെ ‘ബണ്ണിയായ’ ഓസ്‌ട്രേലിയ അതേ പ്രോട്ടിയാസിനെ തന്നെ സെമിയില്‍ പരാജയപ്പെടുത്തിയതും ആരാധകര്‍ക്ക് ആവേശമായി.

ഫൈനലില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഇന്ത്യയെ 240 റണ്‍സില്‍ ഒതുക്കുകയും ട്രാവിസ് ഹെഡിന്റെയും മാര്‍നസ് ലബുഷാന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ വിജയം പിടിച്ചടക്കുകയുമായിരുന്നു.

 

 

ഫൈനലലില്‍ ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച കമ്മിന്‍സിന്റെ തീരുമാനത്തിനും പ്രശംസകള്‍ ലഭിച്ചിരുന്നു. ഒരര്‍ത്ഥത്തില്‍ കങ്കാരുക്കളെ കിരീടം ചൂടിച്ചതും ഇതേ തീരുമാനം തന്നെയായിരുന്നു.

 

Content highlight: Pat Cummins Receives Cold Reception From Fans Upon Arrival In Australia After Winning World Cup