| Saturday, 18th May 2024, 8:22 am

സർക്കാർ സ്കൂളിലെ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചു, കയ്യടികൾ ഏറ്റുവാങ്ങി പാറ്റ് കമ്മിൻസ്, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ഹൃദയസ്പര്‍ശിയായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഹൈദരാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളുമായി ക്രിക്കറ്റ് കളിക്കുന്ന കമ്മിന്‍സിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

സ്‌കൂളിലെ കുട്ടി എറിഞ്ഞ പന്തിൽ ബാറ്റ് ചെയ്യുകയായിരുന്നു കമ്മിന്‍സ്. ഓസ്‌ട്രേലിയന്‍ നായകന്റെ ഈ വീഡിയോക്ക് ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്തില്‍ വളരെയധികം പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം ഈ സീസണില്‍ ഹൈദരാബാദ് കമ്മിന്‍സിന്റെ നേതൃത്വത്തില്‍ പ്ലേ ഓഫിലേക്ക് മുന്നേറിയിരുന്നു. 2020 നു ശേഷമാണ് ഓറഞ്ച് ആര്‍മി ഐ.പി.എല്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്. ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും രാജസ്ഥാന്‍ റോയല്‍സിനും ശേഷം പ്ലേ ഓഫിലേക്ക് മുന്നേറുന്ന മൂന്നാമത്തെ ടീമായി മാറാനും ഹൈദരബാദിന് സാധിച്ചു.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള കഴിഞ്ഞ മത്സരം മഴമൂലം ഉപേക്ഷിച്ചതിനു പിന്നാലെയാണ് ഓറഞ്ച് ആര്‍മി പ്ലേ ഓഫിലേക്ക് മുന്നേറിയത്.

നിലവിൽ 13 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും അഞ്ച് തോല്‍വിയുമടക്കം 15 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. മെയ് 19 നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെയാണ് ഓറഞ്ച് ആര്‍മിയുടെ അടുത്ത മത്സരം.

ഈ മത്സരം ഹൈദരാബാദ് വിജയിക്കുകയും രാജസ്ഥാന്‍ കൊല്‍ക്കത്തയോട് പരാജയപ്പെടുകയും ചെയ്താല്‍ ഓറഞ്ച് ആര്‍മിക്ക് 17 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും അവസരമുണ്ട്.

Content Highlight: Pat Cummins Play Cricket in Hyderabad school, Video Viral

We use cookies to give you the best possible experience. Learn more