2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുന്നത്. ഇന്ത്യയിലെ ക്രിക്കറ്റ് മാമാങ്കം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പുതിയ ക്യാപ്റ്റനായി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം പാറ്റ് കമ്മിന്‍സിനെ നിയമിച്ചു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവരുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൗത്ത് ആഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രമിന് പകരക്കാരനായാണ് കമ്മിന്‍സ് ഓറഞ്ച് ആര്‍മിയുടെ നേതൃത്വം ഏറ്റെടുത്തത്.
കഴിഞ്ഞ സീസണില്‍ മര്‍ക്രമിന്റെ കീഴില്‍ 14 മത്സരങ്ങളില്‍ നിന്നും വെറും നാല് മത്സരങ്ങള്‍ മാത്രമാണ് ഹൈദരാബാദിന് വിജയിക്കാന്‍ സാധിച്ചത്.
കഴിഞ്ഞ സീസണില്‍ നാല് വിജയങ്ങളോടെ എട്ട് പോയിന്റ് മാത്രമായി അവസാന സ്ഥാനത്തായിരുന്നു ഹൈദരാബാദ് ഫിനിഷ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് മാനേജ്‌മെന്റ് പുതിയ ക്യാപ്റ്റനായി കമ്മിന്‍സിനെ നിയമിച്ചത്.
ഈ സീസണില്‍ ലേലത്തില്‍ 20.5 കോടി മുടക്കിയാണ് സണ്‍റൈസസ് ഹൈദരാബാദ് ഓസ്ട്രേലിയന്‍ സ്റ്റാര്‍ പേസറെ ടീമിലെത്തിച്ചത്. ഇതിനു പിന്നാലെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കമ്മിന്‍സ് സ്വന്തമാക്കിയിരുന്നു.
അതേസമയം പാറ്റ് കമ്മിന്‍സിന്റെ കീഴില്‍ കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു. ഈ ക്യാപ്റ്റന്‍സി മികവ് ഹൈദരാബാദിനൊപ്പവും ഉണ്ടാവുമെന്ന വലിയ പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.
മാര്‍ച്ച് 23നാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ആദ്യ മത്സരം നടക്കുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് ഹൈദരാബാദിന്റെ എതിരാളികള്‍.