68 പന്തില്‍ നേടിയ 12 റണ്‍സ്; പ്രിയ ക്യാപ്റ്റന്‍, നിങ്ങളുടെ ബാറ്റിങ് പ്രകടനത്തെ വര്‍ണിക്കാതെ ഈ മാച്ച് എങ്ങനെ പൂര്‍ണമാകും?
icc world cup
68 പന്തില്‍ നേടിയ 12 റണ്‍സ്; പ്രിയ ക്യാപ്റ്റന്‍, നിങ്ങളുടെ ബാറ്റിങ് പ്രകടനത്തെ വര്‍ണിക്കാതെ ഈ മാച്ച് എങ്ങനെ പൂര്‍ണമാകും?
ആദര്‍ശ് എം.കെ.
Wednesday, 8th November 2023, 12:13 am

ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നിനാണ് മുംബൈ വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വിജയിച്ചാല്‍ സെമി ഉറപ്പിക്കാം എന്ന മത്സരത്തില്‍ തോല്‍വി മുമ്പില്‍ കണ്ട ശേഷമാണ് ഓസ്‌ട്രേലിയ വിജയത്തിലേക്കും സെമി ഫൈനലിലേക്ക് നടന്നുകയറിയത്.

ഏഴാം വിക്കറ്റിലെ 202 റണ്‍സിന്റെ പടുകൂറ്റന്‍ പാര്‍ടണര്‍ഷിപ്പാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. 91ന് ഏഴ് എന്ന നിലയില്‍ നിന്നും 293ന് ഏഴ് എന്ന നിലയിലേക്കാണ് മാക്‌സ്‌വെല്ലും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഓസ്‌ട്രേലിയയെ കൊണ്ടുചെന്നെത്തിച്ചത്.

19ാം ഓവറിലെ മൂന്നാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക് പുറത്തായതിന് ശേഷമാണ് പാറ്റ് കമ്മിന്‍സ് ക്രീസിലെത്തിയത്. തോല്‍വി മുമ്പില്‍ കണ്ട ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിക്കാന്‍ ക്യാപ്റ്റന് ആകെ സാധിക്കുമായിരുന്നത് മാക്‌സ്‌വെല്ലിന് കൂട്ടായി ക്രീസില്‍ തുടരുക എന്നത് മാത്രമായിരുന്നു.

ഒരു വശത്ത് മാക്‌സ്‌വെല്‍ അഫ്ഗാന്‍ ബൗളര്‍മാരെ നിര്‍ദയം പ്രഹരിക്കുമ്പോള്‍ മറുവശത്ത് നങ്കൂരമിട്ട് ഉറച്ചുനില്‍ക്കുക എന്നതായിരുന്നു ക്യാപ്റ്റന്റെ മാസ്റ്റര്‍ പ്ലാന്‍. ഇരുവരും ചേര്‍ന്ന് അത് കൃത്യമായി നിര്‍വഹിക്കുകയും ചെയ്തു.

68 പന്തുകള്‍ നേരിട്ട് വെറും 12 റണ്‍സ് മാത്രമാണ് കമ്മിന്‍സ് സ്വന്തമാക്കിയത്. ഈ 68 പന്തില്‍ ആകെ കളിച്ചതാകട്ടെ ഒരു അറ്റാക്കിങ് ഷോട്ടും. ഒരു ബൗണ്ടറി മാത്രമായിരുന്നു കമ്മിന്‍സിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഭാവിയില്‍ സ്‌കോര്‍ ബോര്‍ഡ് നോക്കി കളി വിലയിരുത്തുന്നവര്‍ക്ക് ഒരുപക്ഷേ കമ്മിന്‍സിന്റെ ഈ ചെറുത്തുനില്‍പിന്റെ വിലയറിയണമെന്നില്ല. എന്നാല്‍ അദ്ദേഹം നേരിട്ട 68 പന്തുകളാണ് ഈ മത്സരത്തിന്റെ വിധി തന്നെ മാറ്റിയെഴുതിയതെന്ന് അവര്‍ വിശ്വസിക്കുകയുമില്ല.

മാക്‌സ്‌വെല്ലിന്റെ ഐതിഹാസിക ഇരട്ട സെഞ്ച്വറിയുടെയും ഓസ്‌ട്രേലിയയുടെ വിജയത്തിന്റെയും സെമി പ്രവേശത്തിന്റെയും ഇടയില്‍ കമ്മിന്‍സിന്റെ ഈ ചെറുത്ത് നില്‍പ് മറവിയിലേക്ക് ആണ്ടുപോകുമെന്നുറപ്പാണ്.

 

 

ആരാലും പാടിപ്പുകഴ്ത്തപ്പെടാതെ പോകുന്ന ഈ ഇന്നിങ്‌സിനെ ഓര്‍ക്കാതെ ഈ ദിവസം അവസാനിക്കുന്നതെങ്ങനെ? പാറ്റ് കമ്മിന്‍സ്, ദി റിയല്‍ അണ്‍സങ് ഹീറോ, ഈ വിജയത്തിന് നിങ്ങളും അവകാശിയാണ്.

 

Content Highlight: Pat Cummins’ incredible performance against Afghanistan

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.