അന്ന് ഖവാജയുടെ ഡബിള്‍ സെഞ്ച്വറി നഷ്ടമാക്കി, ഇന്ന് ക്യാരിയുടെ സെഞ്ച്വറിയും; ഇത് ക്യാപ്റ്റൻസിയുടെ മറ്റൊരു വേർഷൻ
Cricket
അന്ന് ഖവാജയുടെ ഡബിള്‍ സെഞ്ച്വറി നഷ്ടമാക്കി, ഇന്ന് ക്യാരിയുടെ സെഞ്ച്വറിയും; ഇത് ക്യാപ്റ്റൻസിയുടെ മറ്റൊരു വേർഷൻ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th March 2024, 12:53 pm

ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി കങ്കാരുപ്പട. പരമ്പരയിലെ അവസാന മത്സരത്തില്‍ കിവീസിനെ മൂന്ന് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ പരമ്പര നേടിയത്. 279 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇപ്പോള്‍ മത്സരത്തില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനെക്കുറിച്ചുള്ള ഒരു വസ്തുതയാണ് ഏറെ ചര്‍ച്ചയാവുന്നത്.

മത്സരത്തില്‍ കമ്മിന്‍സിന്റെ ഫിനിഷിങ്ങിലൂടെയാണ് ഓസ്‌ട്രേലിയ ജയിച്ചുകയറിയത്. ബെൻ സിയേഴ്‌സിന്റെ പന്തിൽ ഫോർ നേടികൊണ്ടാണ് കമ്മിൻസ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്. നോണ്‍ സ്‌ട്രൈക്കില്‍ 123 പന്തില്‍ പുറത്താവാതെ 98 റണ്‍സ് നേടികൊണ്ട് അലക്‌സ് കാരിയാണ് ഉണ്ടായിരുന്നത്.

കാരിക്ക് സെഞ്ച്വറി നേടാന്‍ രണ്ട് റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. സെഞ്ച്വറി നേടാന്‍ അലക്‌സിന് സുവര്‍ണ്ണാവസരം ഉണ്ടായിട്ടും ഓസീസ് നായകന്‍ മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. 44 പന്തില്‍ 32 റണ്‍സ് നേടിക്കൊണ്ടായിരുന്നു കമ്മിന്‍സ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്.

എന്നാല്‍ ഇതിന് മുമ്പും കമ്മിന്‍സ് കളിക്കളത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടത്തിയിട്ടുണ്ട്. 2023ല്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിന്റെ നാലാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ 195 റണ്‍സില്‍ നില്‍ക്കേ കമ്മിന്‍സ് ഓസീസ് ബാറ്റിങ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കമ്മിന്‍സിന്റെ ഈ തീരുമാനത്തിന് പിന്നാലെ ഉസ്മാന്‍ ഖവാജക്ക് അഞ്ച് റണ്‍സകലെ അന്ന് നഷ്ടമായത് തന്റെ ആദ്യ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി ആയിരുന്നു.

അതേസമയം കമ്മിൻസിനും കാരിക്കും പുറമെ ഓസ്ട്രേലിയന്‍ നിരയില്‍ മിച്ചല്‍ മാര്‍ഷ് 102 പന്തില്‍ 80 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. പത്ത് ഫോറുകളും ഒരു സിക്‌സുമാണ് മാര്‍ഷിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

കിവീസ് ബൗളിങ്ങില്‍ ബെന്‍ സിയേഴ്സ് നാല് വിക്കറ്റും മാറ്റ് ഹെന്റി രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയെങ്കിലും ഓസീസ് വിജയം പിടിച്ചെടുക്കുകയായിരുന്നു.

Content Highlight: Pat Cummins incident against New Zealand test