ആദ്യം മുംബൈ, ഇപ്പോൾ കൊൽക്കത്ത; കമ്മിൻസ് അടിച്ച് നേടിയത് ഒരു ക്യാപ്റ്റനുമില്ലാത്ത നേട്ടം
Cricket
ആദ്യം മുംബൈ, ഇപ്പോൾ കൊൽക്കത്ത; കമ്മിൻസ് അടിച്ച് നേടിയത് ഒരു ക്യാപ്റ്റനുമില്ലാത്ത നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd May 2024, 4:13 pm

2024 ഐ.പി.എല്ലിലെ ആദ്യ ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിലേക്ക് മുന്നേറിയിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് ആര്‍മി 19.3 ഓവറില്‍ 150 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 13.4 ഓവറില്‍ എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് സ്വന്തമാക്കിയത്. അവസാന ഓവറുകളില്‍ ഇറങ്ങി നായകന്‍ പാറ്റ് കമ്മിന്‍സ് മികച്ച പ്രകടനമാണ് നടത്തിയത്. 24 പന്തില്‍ 30 റണ്‍സ് ആണ് ഹൈദരാബാദ് ക്യാപ്റ്റന്‍ നേടിയത്. രണ്ട് വീതം ഫോറുകളും സിക്‌സുമാണ് താരം നേടിയത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് കമ്മിന്‍സ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഒമ്പതാം നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ ആയി മാറാനാണ് കമ്മിന്‍സിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാമതുള്ളതും കമ്മിന്‍സ് തന്നെയാണ്. പി സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 35 റണ്‍സാണ് താരം നേടിയത്.

രാഹുല്‍ ത്രിപാഠി 35 പന്തില്‍ 55 റണ്‍സ് നേടി നിര്‍ണായകമായി. ഏഴ് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ പേരില്‍ നിന്നും പിറന്നത്. ഹെന്റിച്ച് ക്ലാസന്‍ 21 പന്തില്‍ 32 റണ്‍സും നേടി.

കൊല്‍ക്കത്തയുടെ ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

കൊല്‍ക്കത്തക്കായി നായകന്‍ ശ്രേയസ് അയ്യര്‍ 24 പന്തില്‍ പുറത്താവാതെ 58 റണ്‍സും 28 പന്തില്‍ പുറത്താവാതെ 51 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരും നിര്‍ണായകമായി.

അതേസമയം ഇന്ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- രാജസ്ഥാന്‍ റോയല്‍സ് എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളെ ആയിരിക്കും മെയ് 24 നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദ് നേരിടുക. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Pat Cummins great record in IPL