ക്രിക്കറ്റ് ലോകത്തെ രാജാക്കന്‍മാര്‍ തങ്ങളാണെന്ന് ലോകത്തോട് വീണ്ടും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് ഓസ്‌ട്രേലിയ തങ്ങളുടെ ആറാം കിരീടം തലയിലണിഞ്ഞത്. ഫൈനലില്‍ കരുത്തരായ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസീസ് കിരീടം ചൂടിയത്.
ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടാണ് ഓസീസ് കിരീടയാത്രയില്‍ വിജയപാതയിലേക്ക് മടങ്ങിയെത്തിയത്. ആദ്യ രണ്ട് മത്സരങ്ങള്‍ തോല്‍ക്കുകയും ബംഗ്ലാദേശിനും നെതര്‍ലന്‍ഡ്‌സിനും താഴെ പോയിന്റ് പട്ടികയില്‍ അവസാനക്കാരായുമാണ് മുന്‍ ചാമ്പ്യന്‍മാര്‍ തലകുനിച്ചുനിന്നത്.
എന്നാല്‍ അവിടെ നിന്നും ഓസീസ് കിരീടത്തിലേക്ക് ഓടിയെത്തിയെങ്കില്‍ അവരുടെ ടീം വര്‍ക്കിന്റെയും അവരെ മുമ്പില്‍ നിന്നും നയിച്ച ക്യാപ്റ്റന്റെയും മിടുക്ക് ഒന്നുകൊണ്ടുമാത്രമാണ്. ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് ഉറക്കെയുറക്കെ നന്ദി പറയേണ്ടിയിരിക്കുന്നു.
ക്യാപ്റ്റന്‍സിയേറ്റെടുത്ത് രണ്ട് വര്‍ഷത്തിനകം കമ്മിന്‍സ് നേടിത്തന്ന നേട്ടങ്ങള്‍ ചില്ലറയല്ല. രണ്ട് ലോകകിരീടങ്ങളടക്കം ഓസീസിനെ പ്രതാപത്തിലേക്ക് നയിച്ചാണ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആരാധകരുടെ ഇടനെഞ്ചിലേക്ക് ഇടിച്ചുകയറിയത്.
2021ല്‍ ഇന്ത്യ ഗാബ കീഴടക്കിയതിന് പിന്നാലെ ഓസീസിന്റെ നായകസ്ഥാനത്ത് നിന്നും ടിം പെയ്ന്‍ പുറത്താവുകയും ക്രിക്കറ്റ് ഓസ്‌ട്രേലിയ പാറ്റ് കമ്മിന്‍സിനെ നായകസ്ഥാനമേല്‍പിക്കുകയുമായിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കമ്മിന്‍സ് ക്യാപ്റ്റനാകാന്‍ കാരണം ഇന്ത്യയും റിഷബ് പന്തുമാണ്.
ഇതിന് പിന്നാലെ വമ്പന്‍ നേട്ടങ്ങളാണ് കമ്മിന്‍സ് ഓസീസിന് നേടിക്കൊടുത്തത്.
ചിര വൈരികളായ ഇംഗ്ലണ്ടിനെ അവരുടെ നാട്ടിലെത്തി സമനിലയില്‍ കുരുക്കി നില നിര്‍ത്തിയ ആഷസ് കിരീടം, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചുകൊണ്ടുനേടിയ ടെസ്റ്റ് മെയ്‌സ്, ഇപ്പോള്‍ ഐ.സി.സി ഏകദിന ലോകകിരീടവും. ഓസ്‌ട്രേലിയന്‍ ആരാധകരുടെ മനസില്‍ കമ്മിന്‍സിന് ഒരു സൂപ്പര്‍ ഹീറോ പരിവേഷം ലഭിച്ചിട്ടുണ്ടങ്കില്‍ അത് അയാള്‍ അര്‍ഹിക്കുന്നുണ്ട് എന്നതാണ് വസ്തുത.
പാറ്റ് കമ്മിന്‍സ് നടന്നടുക്കുന്നത് ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങളുടെ ലിസ്റ്റിലേക്കാണ്. പോണ്ടിങ്ങും വോണും അലന്‍ ബോര്‍ഡറും അടങ്ങുന്ന ലിസ്റ്റില്‍ ഭാവിയില്‍ കമ്മിന്‍സിന്റെ പേരും ഉണ്ടാകുമെന്നുറപ്പാണ്.