നല്ല ഒരു മനുഷ്യന്‍! ടീമിലില്ലെങ്കിലും ടീമിനൊപ്പമുണ്ട്; കയ്യടികള്‍ ഏറ്റുവാങ്ങി പാറ്റ് കമ്മിന്‍സ്
Cricket
നല്ല ഒരു മനുഷ്യന്‍! ടീമിലില്ലെങ്കിലും ടീമിനൊപ്പമുണ്ട്; കയ്യടികള്‍ ഏറ്റുവാങ്ങി പാറ്റ് കമ്മിന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th June 2024, 4:23 pm

ഐ.സി.സി ടി-20 ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ഒമാനെ 39 റണ്‍സിനാണ് ഓസീസ് പരാജയപ്പെടുത്തിയത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഒമാന്‍ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉണ്ടായിരുന്നില്ല. എന്നാല്‍ മത്സരത്തില്‍ ടീമംഗങ്ങള്‍ക്ക് വെള്ളം നല്‍കാനായി കമ്മിന്‍സ് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത് ഏറെ ശ്രദ്ധേയമായി. ടീമിന്റെ ആദ്യ ഇലവനില്‍ ഇല്ലെങ്കിലും ഗ്രൗണ്ടില്‍ വാട്ടര്‍ ബോയ് ആയി കമ്മിന്‍സ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വന്‍തോതിലുള്ള പ്രശംസകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനായി നിയമിക്കപ്പെട്ട അതിനുശേഷം നടന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പും കമ്മിന്‍സിന്റെ കീഴില്‍ കങ്കാരുപ്പട സ്വന്തമാക്കിയിരുന്നു.

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഫൈനലിലേക്ക് കൈപിടിച്ചുകൊണ്ടുപോകാനും കമ്മിന്‍സിന് സാധിച്ചിരുന്നു. കഴിഞ്ഞ ഐ.പി.എല്‍ ലേലത്തില്‍ 20.50 കോടി തുക മുടക്കിയാണ് ഓസ്‌ട്രേലിയന്‍ താരത്തെ ഓറഞ്ച് ആര്‍മി സ്വന്തമാക്കിയത്. വാങ്ങിയ പണത്തിന്റെ അതേ മൂല്യം നിലനിര്‍ത്തി കൊണ്ടായിരുന്നു കമ്മിന്‍സ് ഹൈദരാബാദിനെ മുന്നില്‍ നിന്നും നയിച്ചത്.

ഓസ്ട്രേലിയന്‍ ബാറ്റിങ്ങില്‍ ഡേവിഡ് വാര്‍ണറും മാര്‍ക്കസ് സ്റ്റോണിസും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 36 പന്തില്‍ പുറത്താവാതെ 67 നേടിക്കൊണ്ടായിരുന്നു സ്റ്റോണിസിന്റെ മികച്ച പ്രകടനം. രണ്ട് ഫോറുകളും ആറ് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പറഞ്ഞത്. ആറ് ഫോറുകളും ഒരു സിക്സും ഉള്‍പ്പെടെ 51 പന്തില്‍ 56 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

അതേസമയം ജയത്തോടെ ഗ്രൂപ്പ് ഡി യില്‍ രണ്ട് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഓസീസ്. ജൂണ്‍ എട്ടിന് ഇംഗ്ലണ്ടിനെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയമാണ് വേദി.

Content Highlight: Pat Cummins Came in the ground with water, Video Viral on Social media