പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലും സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. ബോക്‌സിങ് ഡേ ടെസ്റ്റില്‍ 72 റണ്‍സിനാണ് പാകിസ്ഥാന്‍ പരാജയം സമ്മതിച്ചത്.
മെല്‍ബണില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സില്‍ 318 റണ്‍സ് നേടി. മാര്‍നസ് ലബുഷാന്റെ അര്‍ധ സെഞ്ച്വറിയാണ് ഓസീസിനെ തുണച്ചത്.
ആദ്യ ഇന്നിങ്സില്‍ അബ്ദുള്ള ഷഫീഖിന്റെയും ഷാന്‍ മസൂദിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ പൊരുതിയെങ്കിലും പാകിസ്ഥാന് ലീഡ് വഴങ്ങേണ്ടി വരികയായിരുന്നു.
Australia wrap up the win by running through the Pakistan tail to take a 79-run win #AUSvPAK
54 റണ്‍സിന്റെ ലീഡുമായി ഇറങ്ങിയ ആതിഥേയര്‍ക്ക് രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തില്‍ അടി തെറ്റിയിരുന്നു. 16 റണ്‍സിന് നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഓസീസ് പരാജയം മുമ്പില്‍ കണ്ടു. എന്നാല്‍ മിച്ചല്‍ മാര്‍ഷിന്റെയും സ്റ്റീവ് സ്മിത്തിന്റെയും അര്‍ധ സെഞ്ച്വറികള്‍ ഓസീസിന് തുണയായി. ഒടുവില്‍ 263 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് പച്ചപ്പടയ്ക്ക് മുമ്പില്‍ വെച്ചു.
എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ 237 റണ്‍സ് കണ്ടെത്തുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും പാകിസ്ഥാന് നഷ്ടമായി. രണ്ട് ഇന്നിങ്സില്‍ നിന്നുമായി പത്ത് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് പാകിസ്ഥാനെ പരാജയത്തിലേക്ക് തള്ളിയിട്ടത്.
ആദ്യ ഇന്നിങ്സില്‍ 48 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ കമ്മിന്‍സ് രണ്ടാം ഇന്നിങ്സില്‍ 49 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റുകള്‍ നേടിയത്.
Second five-wicket haul for the match for Pat Cummins! Two to go for Australia! #AUSvPAK
ഒന്നാം ഇന്നിങ്‌സില്‍ അബ്ദുള്ള ഷഫീഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ആഘാ സല്‍മാന്‍, ഹസന്‍ അലി എന്നിവരെ പുറത്താക്കിയ കമ്മിന്‍സ് രണ്ടാം ഇന്നിങ്‌സില്‍ ഇമാം ഉള്‍ ഹഖ്, ക്യാപ്റ്റന്‍ ഷാന്‍ മസൂദ്, മുഹമ്മദ് റിസ്വാന്‍, അമീര്‍ ജമാല്‍, ഷഹീന്‍ അഫ്രിദി എന്നിവരെയാണ് മടക്കിയത്. കരിയറിലെ രണ്ടാം പത്ത് വിക്കറ്റ് നേട്ടമാണ് കമ്മിന്‍സ് ചരിത്രപ്രസിദ്ധമായ എം.സി.ജിയില്‍ കുറിച്ചത്.
The skipper talks ‘Hoff v Babar’, and his own🔥form after a stunning performance in the Boxing Day Test #AUSvPAKpic.twitter.com/YhJCUswDep
രണ്ടാം ടെസ്റ്റിലെ പത്ത് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും കമ്മിന്‍സ് സ്വന്തമാക്കി. ഒരു ടെസ്റ്റില്‍ പത്തോ അതിലധികമോ വിക്കറ്റ് നേടുന്ന രണ്ടാമത് ഓസീസ് നായകന്‍ എന്ന നേട്ടമാണ് കമ്മിന്‍സ് തന്റെ പേരിലെഴുതിച്ചേര്‍ത്തത്. ഓസീസ് ഇതിഹാസ താരം അലന്‍ ബോര്‍ഡറാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
1989 ജനുവരി 26ന് നടന്ന മത്സരത്തില്‍ വിന്‍ഡീസിനെതിരെയാണ് ബോര്‍ഡര്‍ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ ഇന്നിങ്സില്‍ 46 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ ബോര്‍ഡര്‍ രണ്ടാം ഇന്നിങ്‌സില്‍ 50 റണ്‍സിന് നാല് വിക്കറ്റും നേടി.
ആദ്യ ഇന്നിങ്‌സില്‍ റിച്ചി റിച്ചാര്‍ഡ്‌സണ്‍, കാള്‍ ഹൂപ്പര്‍, ക്യാപ്റ്റന്‍ വിവ് റിച്ചാര്‍ഡ്‌സ്, ഗസ് ലോഗി, ജെഫ് ഡുജോണ്‍, റോജര്‍ ഹാര്‍പര്‍, മാല്‍കം മാര്‍ഷല്‍ എന്നിവരാണ് ഓസീസ് നായകന് മുമ്പില്‍ വീണത്. 10 മെയ്ഡന്‍ അടക്കം 26 ഓവറാണ് ആദ്യ ഇന്നിങ്‌സില്‍ ബോര്‍ഡര്‍ എറിഞ്ഞുതീര്‍ത്തത്.
ആദ്യ ഇന്നിങ്‌സില്‍ 330 പന്ത് നേരിട്ട് 75 റണ്‍സും ബോര്‍ഡര്‍ നേടിയിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ഡെസ്മണ്ട് ഹെയ്ന്‍സ്, റോജര്‍ ഹാര്‍പര്‍, മാര്‍കം മാര്‍ഷല്‍, കര്‍ട്‌ലി ആംബ്രോസ് എന്നിവരെയാണ് ബോര്‍ഡര്‍ വീഴ്ത്തിയത്. കളിയിലെ താരവും ബോര്‍ഡര്‍ തന്നെയായിരുന്നു.
അതേസമയം, മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. ജനുവരി മൂന്നിനാണ് പരമ്പരയിലെ അവസാന മത്സരം. സിഡ്‌നിയാണ് വേദി.
Content Highlight: Pat Cummins becomes the second Australian captain to take 10 wickets in a test