| Monday, 6th January 2025, 1:56 pm

ഇരുന്നൂറെണ്ണത്തെ എറിഞ്ഞിട്ട് ചരിത്രം കുറിച്ചവന്‍ ഇപ്പോള്‍ ഇരുപതടിച്ചും റെക്കോഡിലേക്ക്; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ പരാജയമേറ്റുവാങ്ങിയിരുന്നു. കാലങ്ങള്‍ക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ ഫോര്‍മാറ്റിലേക്ക് മാറിയ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ 3-1നാണ് ഇന്ത്യ പരാജയമറിഞ്ഞത്.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയമറിഞ്ഞ ഓസ്‌ട്രേലിയക്ക് തുടര്‍ന്നുള്ള മത്സരങ്ങളില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

അഡ്‌ലെയ്ഡില്‍ പത്ത് വിക്കറ്റിന് വിജയിച്ച കമ്മിന്‍സും സംഘവും ഗാബയില്‍ സമനില വഴങ്ങി. ഇന്ത്യക്കെതിരെ ഇതിന് മുമ്പ് നടന്ന രണ്ട് ബോക്‌സിങ് ഡേ ടെസ്റ്റിലും പരാജയം നേരിടേണ്ടി വന്നതിന്റെ അപമാന ഭാരം മെല്‍ബണില്‍ കഴുകിക്കളഞ്ഞ ഓസീസ് സിഡ്‌നിയില്‍ മികച്ച വിജയം സ്വന്തമാക്കി ഒരു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി.

സിഡ്‌നിയിലെ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഓസ്‌ട്രേലിയന്‍ നായകനെ തേടിയെത്തിയത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 20 വിജയം സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് കമ്മിന്‍സ് സ്വന്തമാക്കിയത്.

2021ല്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങിയ ടിം പെയ്‌നിന് പകരക്കാരനായാണ് കമ്മിന്‍സ് കങ്കാരുക്കളുടെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയത്. അന്നുതൊട്ട് ഇന്നുവരെ കളിച്ച 33 ടെസ്റ്റില്‍ നിന്നുമാണ് കമ്മിന്‍സ് ഓസീസീനെ 20 ടെസ്റ്റ് വിജയത്തിലേക്ക് നയിച്ചത്. ഏഴ് മത്സരത്തില്‍ പരാജയമറിഞ്ഞപ്പോള്‍ ആറ് മത്സരം സമനിലയിലും പിരിഞ്ഞു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിജയം സ്വന്തമാക്കുന്ന ക്യാപ്റ്റന്‍

(താരം – ടീം – മത്സരം- വിജയം എന്നീ ക്രമത്തില്‍)

പാറ്റ് കമ്മിന്‍സ് – ഓസ്‌ട്രേലിയ – 33 – 20

ബെന്‍ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് – 29 – 17

വിരാട് കോഹ്‌ലി – ഇന്ത്യ – 22 – 14

രോഹിത് ശര്‍മ – ഇന്ത്യ – 24 – 12

ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ സിഡ്‌നി ടെസ്റ്റില്‍ മറ്റൊരു റെക്കോഡും കമ്മിന്‍സ് സ്വന്തമാക്കിയിരുന്നു. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് കമ്മിന്‍സ് സ്വന്തമാക്കിയത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് കമ്മിന്‍സ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിക്കറ്റ് വീഴ്ത്തി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

രവിചന്ദ്രന്‍ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയതോടെ ഈ റെക്കോഡിലെത്താന്‍ കമ്മിന്‍സിനൊപ്പം മത്സരിച്ചത് ഓസ്ട്രേലിയന്‍ നായകന്റെ സഹതാരവും അശ്വിന്റെ എക്കാലത്തെയും മികച്ച റൈവലുമായ നഥാന്‍ ലിയോണായിരുന്നു. അതേ ലിയോണിനെ സാക്ഷിയാക്കിയാണ് കമ്മിന്‍സ് ഈ ചരിത്ര നേട്ടത്തിലെത്തിയത്. നിലവില്‍ 196 വിക്കറ്റുകളാണ് ലിയോണിന്റെ പേരിലുള്ളത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

പാറ്റ് കമ്മിന്‍സ് – ഓസ്ട്രേലിയ – 88 – 200*

നഥാന്‍ ലിയോണ്‍ – ഓസ്ട്രേലിയ – 85 – 196

ആര്‍. അശ്വിന്‍ – ഇന്ത്യ – 78 – 195

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്ട്രേലിയ – 83 – 165

ജസ്പ്രീത് ബുംറ – ഇന്ത്യ – 66 – 156

കഗീസോ റബാദ – സൗത്ത് ആഫ്രിക്ക – 58 – 147

സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – 63 – 134

Content Highlight: Pat Cummins becomes the first captain to win 20 matches in WTC history

We use cookies to give you the best possible experience. Learn more