വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിന്റെ ഭാഗമായ മുഹൂര്‍ത്തത്തിനാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ക്ലീന്‍ ബൗള്‍ഡായതിന് പിന്നാലെയാണ് ഈ ചരിത്രനേട്ടം പിറവിയെടുത്തത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ബൗളര്‍ എന്ന നേട്ടമാണ് കമ്മിന്‍സ് സ്വന്തമാക്കിയത്. സിഡ്‌നി ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നേടിയാല്‍ ഈ നേട്ടത്തിലെത്താം എന്നിരിക്കെ ആ മൂന്ന് വിക്കറ്റും നേടിയാണ് കമ്മിന്‍സ് ചരിത്ര പുസ്തകത്തില്‍ ഇടം നേടിയത്.
രവിചന്ദ്രന്‍ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയതോടെ ഈ റെക്കോഡിലെത്താന്‍ കമ്മിന്‍സിനൊപ്പം മത്സരിച്ചത് ഓസ്‌ട്രേലിയന്‍ നായകന്റെ സഹതാരവും അശ്വിന്റെ എക്കാലത്തെയും മികച്ച റൈവലുമായ നഥാന്‍ ലിയോണായിരുന്നു. അതേ ലിയോണിനെ സാക്ഷിയാക്കിയാണ് കമ്മിന്‍സ് ഈ ചരിത്ര നേട്ടത്തിലെത്തിയത്. നിലവില്‍ 196 വിക്കറ്റുകളാണ് ലിയോണിന്റെ പേരിലുള്ളത്.
(താരം – ടീം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
പാറ്റ് കമ്മിന്‍സ് – ഓസ്‌ട്രേലിയ – 88 – 200*
നഥാന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – 85 – 196
ആര്‍. അശ്വിന്‍ – ഇന്ത്യ – 78 – 195
മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 83 – 165
ജസ്പ്രീത് ബുംറ – ഇന്ത്യ – 66 – 156
കഗീസോ റബാദ – സൗത്ത് ആഫ്രിക്ക – 58 – 147
സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – 63 – 134
അതേസമയം, സിഡ്‌നി ടെസ്റ്റില്‍ നാല് റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞു. റിഷബ് പന്തിന്റെ അര്‍ധ സെഞ്ച്വറി ഒഴിച്ചുനിര്‍ത്തിയാല്‍ എടുത്തുപറയാന്‍ മാത്രം ഒന്നും തന്നെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.
141ന് ആറ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 16 റണ്‍സിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. സൂപ്പര്‍ താരം സ്‌കോട് ബോളണ്ട് ആറ് വിക്കറ്റുമായി ടെന്‍ഫര്‍ തികച്ചപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. അരങ്ങേറ്റക്കാരന്‍ ബ്യൂ വെബ്സ്റ്ററാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
നിലവില്‍ മൂന്നാം ദിനം ലഞ്ചിന് ശേഷം ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 17 ഓവര്‍ പിന്നിടുമ്പോള്‍ 93ന് മൂന്ന് എന്ന നിലയിലാണ്. 41 പന്തില്‍ 35 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 16 പന്തില്‍ പത്ത് റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍.
സാം കോണ്‍സ്റ്റസ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ആതിഥേയര്‍ക്ക് ഇതിനോടകം തന്നെ നഷ്ടമായത്. കോണ്‍സ്റ്റസ് 17 പന്തില്‍ 22 റണ്‍സ് നേടിയപ്പോള്‍ ലബുഷാന്‍ 20 പന്തില്‍ ആറ് റണ്‍സിനും സ്മിത് ഒമ്പത് പന്തില്‍ നാല് റണ്‍സിനും പുറത്തായി. പ്രസിദ്ധ് കൃഷ്ണയാണ് മൂന്ന് വിക്കറ്റും സ്വന്തക്കിയത്.
Content highlight: Pat Cummins becomes the first bowler to complete 200 wickets in World Test Championship