| Wednesday, 25th December 2024, 11:28 am

18 വയസുള്ള ചെറുക്കനെ ടീമിലെടുത്ത മണ്ടന്‍മാരായ സെലക്ടര്‍മാര്‍, അത് അവരുടെ മാത്രം തെറ്റ്; ഓര്‍ത്തെടുത്ത് കമ്മിന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്‍ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് പ്രധാന മാറ്റങ്ങള്‍ വരുത്തിയാണ് കങ്കാരുക്കള്‍ നാലാം ടെസ്റ്റിനായി മെല്‍ബണിലേക്കിറങ്ങുക.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയ ഓപ്പണര്‍ നഥാന്‍ മക്സ്വീനിക്ക് പകരം സാം കോണ്‍സ്റ്റസ് ടീമിന്റെ ഭാഗമായി. മെല്‍ബണില്‍ ഈ 19കാരന്റെ അരങ്ങേറ്റത്തിന് കൂടിയാണ് വഴിയൊരുങ്ങുന്നത്. പരിക്കേറ്റ സൂപ്പര്‍ താരം ജോഷ് ഹെയ്‌സല്‍വുഡിന് പകരക്കാരനായി സ്‌കോട്ട് ബോളണ്ടും ടീമിന്റെ ഭാഗമായിട്ടുണ്ട്.

നിലവില്‍ പരമ്പര 1-1ന് ഒപ്പത്തിനൊപ്പം നില്‍ക്കുമ്പോള്‍ നിര്‍ണായകമായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ അരങ്ങേറ്റക്കാരന് പകരം അനുഭവ സമ്പത്തുള്ള മറ്റേതെങ്കിലും താരത്തെ ടീമിന്റെ ഭാഗമാക്കണമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

എന്നാല്‍ ഈ സാഹചര്യത്തില്‍ കോണ്‍സ്റ്റസിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സ്വീകരിച്ചിട്ടുള്ളത്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ കോണ്‍സ്റ്റസിനെ സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ അനുവദിക്കുമെന്നും കമ്മിന്‍സ് പറഞ്ഞു.

ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഓസ്‌ട്രേലിയന്‍ നായകന്‍.

ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന കോണ്‍സ്റ്റസിനോട് സംസാരിച്ചതിനെ കുറിച്ചും കമ്മിന്‍സ് പറഞ്ഞു. തന്റെ ടെസ്റ്റ് അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് കമ്മിന്‍സ് യുവതാരത്തോട് സംസാരിച്ചത്.

‘കഴിഞ്ഞ ദിവസം ഞാന്‍ സാമിനോട് (സാം കോണ്‍സ്റ്റസ്) പറയുകയായിരുന്നു, ഞാന്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ 18 വയസ് മാത്രമായിരുന്നു പ്രായം. ഞാന്‍ ചെറുപ്പമായതിനാല്‍ എനിക്ക് ഒരുപാട് ഇളവുകള്‍ ലഭിച്ചിരുന്നു.

ഞാന്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ അതൊരിക്കലും എന്റെ തെറ്റല്ല എന്നാണ് ഞാന്‍ അന്ന് ചിന്തിച്ചിരുന്നത്. എന്നെ തെരഞ്ഞെടുത്ത സെലക്ടര്‍മാരുടെ തെറ്റാണ് എന്നാണ് ഞാന്‍ ചിന്തിച്ചത്. കാരണം 18 വയസുള്ള ഒരു പയ്യനെ ടീമിലെടുത്ത മണ്ടന്‍മാര്‍ അവരാണല്ലോ എന്നായിരുന്നു എന്റെ മനസില്‍.

നീ വളരെ ചെറുപ്പമാണ്. കരിയര്‍ ആരംഭിക്കുകയാണ്, അതും ബോക്‌സിങ് ഡേ ടെസ്റ്റില്‍. ഇതിലും മികച്ച ഒരു അവസരം ലഭിക്കാനില്ല. ഇതുകൊണ്ടുതന്നെ ആ നിമിഷം ആസ്വദിക്കൂ എന്നാണ് ഞാന്‍ അവനോട് പറഞ്ഞത്,’ കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

2011 നവംബര്‍ 17നാണ് കമ്മിന്‍സ് ഓസീസിനായി അരങ്ങേറ്റം കുറിക്കുന്നത്. സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ ഫൈഫറടക്കം സ്വന്തമാക്കി അരങ്ങേറ്റം കളറാക്കിയ കമ്മിന്‍സിനെ കളിയിലെ താരമായും തെരഞ്ഞെടുത്തിരുന്നു.

ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

നിലവില്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയപ്പോള്‍ അഡ്‌ലെയ്ഡില്‍ പത്ത് വിക്കറ്റിന് വിജയിച്ചാണ് കങ്കാരുക്കള്‍ തിരിച്ചടിച്ചത്. ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. മെല്‍ബണില്‍ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിന് ശേഷം ജനുവരി ആദ്യ വാരം സിഡ്നിയില്‍ വെച്ചാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം അരങ്ങേറുക.

Content Highlight: Pat Cummins backs the inclusion of Sam Konstas in Boxing Day Test

We use cookies to give you the best possible experience. Learn more