2023 ഒക്ടോബര്‍ 5ന് തുടങ്ങിയ ഐ.സി.സി ഏകദിന ലോകകപ്പ് പ്രൗഢഗംഭീരമായ അവസാനഘട്ടത്തില്‍ നില്‍ക്കുകയാണ്. വാശിയേറിയ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് മാമാങ്കത്തിന്റെ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടാന്‍ ഒരുങ്ങി കഴിഞ്ഞു. നവംബര്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍ നടക്കുക.
ഫൈനല്‍ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്.
‘ഞങ്ങളില്‍ കുറച്ചുപേര്‍ മുമ്പ് നടന്ന ഫൈനലില്‍ കളിച്ചത് ഒരു ഒരു നേട്ടമാണ്. എന്നിരുന്നാലും സ്റ്റേഡിയത്തില്‍ നിറയെ ഏകപക്ഷീയമായ ജനക്കൂട്ടം ആയിരിക്കും, അത് ഞങ്ങള്‍ അംഗീകരിക്കുന്നു. 2015 ലോകകപ്പ് ഞങ്ങള്‍ക്ക് മികച്ചതായിരുന്നു. ഫൈനലില്‍ ഇന്ത്യയെ പുറത്താക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്,’
നവംബര്‍ അഞ്ചിന് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നടന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ 70 റണ്‍സിന് തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയത്. നവംബര്‍ 16ന് രണ്ടാം സെമിയില്‍ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കയേയും പരാജയപ്പെടുത്തി. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക 49.4 ഓവറില്‍ 212 റണ്‍സ് എടുത്ത് ഓള്‍ ഔട്ട് ആവുകയായിരുന്നു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ പ്രോട്ടീസിന് വന്‍ ബാറ്റിങ്ങ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. മറുപടി ബാര്‌റിങ്ങിന് ഇറങ്ങിയ ഓസീസ് 47.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടി ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.
2003 ലോകകപ്പ് ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ പരാജിതരായത് ഒരു ഇന്ത്യന്‍ ആരാധകരും മറന്നു കാണില്ല. 23 വര്‍ഷത്തെ കണക്ക് തീര്‍ക്കാന്‍ ഈ ഫൈനല്‍ ഇന്ത്യ എന്ത് വില കൊടുത്തും വിജയിക്കുമെന്ന് ഉറപ്പാണ്.
നിലവില്‍ രണ്ട് തോല്‍വികള്‍ വഴങ്ങിയാണ് ഓസീസ് ഫൈനലില്‍ എത്തിയതെങ്കില്‍ ഇന്ത്യ തോല്‍വിയറിയാതെയാണ് ഫൈനല്‍ വരെ എത്തിയത്. ഓസീസിന്റെ എട്ടാമത്തെ ലോകകപ്പ് ഫൈനലാണിത്. ഇന്ത്യ നാല് തവണയും ഫൈനലില്‍ എത്തിയിട്ടുണ്ട്. മികച്ച പ്രകടനമാണ് ഇരുവരും 2023 ലോകകപ്പില്‍ നടത്തിയത്. എന്നിരുന്നാലും ഫൈനല്‍ മത്സരം പ്രവചിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
Content Highlight: Pat Commins Can’t Wait For The Final