| Tuesday, 24th November 2020, 2:22 pm

ജെ.ഡി.യുവിന്റെ പിന്തുണ ലഭിക്കില്ല; രാം വിലാസ് പാസ്വാന്റെ രാജ്യസഭാ സീറ്റിലേക്ക് ബി.ജെ.പി മത്സരിച്ചേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്ന: എല്‍.ജെ.പിയുടെ മുതിര്‍ന്ന നേതാവും എം.പിയുമായിരുന്ന രാം വിലാസ് പാസ്വാന്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ബി.ജെ.പി മത്സരിച്ചേക്കും.

ഈ സീറ്റിലേക്ക് രാം വിലാസ് പാസ്വാന്റെ ഭാര്യ റീന പാസ്വാന്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നിലവില്‍ ബി.ജെ.പി തീരുമാനം വരാതെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്ന നിലപാടിലാണ് എല്‍.ജെ.പി.

ബി.ജെ.പി തീരുമാനിക്കുന്നതു വരെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നിര്‍ണയിക്കില്ലെന്ന് എല്‍.ജെ.പി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ‘ജെ.ഡി.യു ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ സാധ്യത കുറവായതിനാല്‍ ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധ്യത കുറവാണ്,’ പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

243 അംഗങ്ങളുള്ള സഭയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് രാജ്യസഭാ സീറ്റ് നിലനിര്‍ത്താന്‍ 122 എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്. നിലവില്‍ എന്‍.ഡി.എ സഖ്യത്തിന് 125 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ സീറ്റ് നിലനിര്‍ത്താനാവുമെന്നതില്‍ തര്‍ക്കമില്ല.

ഡിസംബര്‍ 14 ന് രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 26 ന് വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബര്‍ 3 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

ഇക്കഴിഞ്ഞ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പോടെ എന്‍.ഡി.എയിലെ സഖ്യകക്ഷിയായ ജെ.ഡി.യുമായി എല്‍.ജെ.പി നേതാവും രാം വിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് അകലുകയും ഭിന്നതയെ തുടര്‍ന്ന് എന്‍.ഡി.എ വിടുകയും ചെയ്തിരുന്നു. അപ്പോഴും ബി.ജെ.പിയുമായി എല്‍.ജെ.പി ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു സ്ഥാനാര്‍ത്ഥിക്കെതിരെ എതിര്‍സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ എല്‍.ജെ.പിയുടെ നീക്കം നിതീഷ് കുമാറിന് കനത്ത തിരിച്ചടിയായിരുന്നു.

രാജ്യസഭയിലേക്ക് എല്‍.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ജെ.ഡി.യുവിന്റെ പിന്തുണ ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുള്ളതിനാല്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കാനാണ് സാധ്യതയെന്നാണ് സൂചനകള്‍.

ബി.ജെ.പി ദേശീയ വക്താവ് സയ്യിദ് ഷാനവാസ് ഹുസൈന്‍, ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി റിതുരാജ് സിന്‍ഹ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Paswan’s Rajya Sabha seat may go to BJP as JD(U) unlikely to back LJP

We use cookies to give you the best possible experience. Learn more