| Tuesday, 7th January 2025, 10:36 pm

കമല്‍ സാറിന്റെ ആ സിനിമ കാരണം ഞാന്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെട്ടു, അതില്‍ നിന്ന് മോചനം കിട്ടിയത് മറ്റൊരു കമല്‍ ചിത്രം: പശുപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടകത്തിലൂടെ തമിഴ് സിനിമാലോകത്തേക്കെത്തിയ നടനാണ് പശുപതി. 2001ല്‍ പുറത്തിറങ്ങിയ മായനിലൂടെയാണ് പശുപതി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ സഹനടനായും വില്ലനായും വേഷമിടാന്‍ പശുപതിക്ക് സാധിച്ചു. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ പശുപതി തന്റെ സാന്നിധ്യമറിയിച്ചു.

പശുപതിയുടെ കരിയറില്‍ ശ്രദ്ധേയമായ സിനിമകളിലൊന്നായിരുന്നു 2004ല്‍ പുറത്തിറങ്ങിയ വിരുമാണ്ടി. കമല്‍ ഹാസന്‍ സംവിധാനം ചെയ്ത് പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ കൊത്താളത്തേവര്‍ എന്ന വില്ലനായാണ് പശുപതി വേഷമിട്ടത്. എന്നാല്‍ വിരുമാണ്ടിക്ക് ശേഷം തനിക്ക് അതുപോലുള്ള വേഷങ്ങളാണ് അധികവും കിട്ടിയതെന്ന് പറയുകയാണ് പശുപതി.

മുണ്ടും, ഷര്‍ട്ടും, മുറുക്കിയ മീശയുമായിരുന്നു വിരുമാണ്ടിക്ക് ശേഷം കിട്ടിയ സിനിമകളില്‍ തന്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പെന്നും പശുപതി കൂട്ടിച്ചേര്‍ത്തു. ഒരു ഘട്ടത്തില്‍ തനിക്ക് എല്ലാം മടുത്തെന്നും സിനിമാഭിനയം നിര്‍ത്തുകയാണെന്ന് കമല്‍ ഹാസനെ വിളിച്ചുപറഞ്ഞിരുന്നെന്നും പശുപതി പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് കമല്‍ ഹാസന്റെ ഓഫീസില്‍ നിന്ന് തനിക്ക് കോള്‍ വന്നെന്നും മുംബൈ എക്‌സ്പ്രസ് എന്ന ചിത്രത്തിന്റെ കഥ പറഞ്ഞെന്നും പശുപതി കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്തമായ കഥയായിരുന്നു അതെന്നും കേട്ട ഉടനെ ഓക്കെ പറഞ്ഞെന്നും അതിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെന്നും പശുപതി പറഞ്ഞു. സ്വല്പം കോമഡി ടച്ചുള്ള വില്ലന്‍ വേഷമായിരുന്നെന്നും അത് താന്‍ എന്‍ജോയ് ചെയ്‌തെന്നും പശുപതി കൂട്ടിച്ചേര്‍ത്തു. അപൂര്‍വ സിംഗിതം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പശുപതി.

‘വിരുമാണ്ടി എന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നു. എന്നാല്‍ ആ സിനിമക്ക് ശേഷം എന്നെ തേടിവന്ന സിനിമകളിലെല്ലാം വിരുമാണ്ടിയിലെ കഥാപാത്രത്തിന്റെ ഷേഡുള്ളവയായിരുന്നു. മുണ്ട്, ഷര്‍ട്ട്, മുറുക്കിവെച്ച മീശ. എല്ലാ സിനിമയിലും ഇതുതന്നെ ഗെറ്റപ്പ്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എനിക്ക് മടുത്തു. കമല്‍ സാറിനെ വിളിച്ച് ഇക്കാര്യം പറഞ്ഞു.

സിനിമ തന്നെ വിടാന്‍ തോന്നുന്നു എന്ന് അദ്ദേഹത്തോട് പറഞ്ഞു. ‘അതൊന്നും വേണ്ട’ എന്ന് പറഞ്ഞ് കമല്‍ സാര്‍ ഫോണ്‍ വെച്ചു. രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് വിളി വന്നു. മുംബൈ എക്‌സ്പ്രസ്സിന്റെ കഥ എന്നോട് പറഞ്ഞു. അതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ ക്യാരക്ടറായിരുന്നു. സ്വല്പം കോമഡി ടച്ചുള്ള വില്ലന്‍ വേഷം ഞാന്‍ വളരെ എന്‍ജോയ് ചെയ്തു,’ പശുപതി പറയുന്നു.

Content Highlight: Pasupathy says he was typecasted after Kamal Haasan’s Virumaandi movie

We use cookies to give you the best possible experience. Learn more