| Saturday, 23rd April 2022, 10:03 am

അന്യ പുരുഷന് വിധേയപ്പെട്ട, അപ്പനേയും അമ്മയേയും നാണംകെടുത്തിയവളെ വീട്ടില്‍ വെക്കരുത് ചുട്ട് കളയണം; ധിക്കാരിയായ മകനെ കല്ലെറിഞ്ഞ് കൊല്ലണം: പാസ്റ്ററുടെ പ്രസംഗം വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജനറല്‍ കണ്‍വെന്‍ഷന്‍ പരിപാടിയില്‍ പാസ്റ്റര്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു. പിഴച്ച പുരുഷനേയും സ്ത്രീയേയും കൊന്ന് കളയണമെന്ന് പാസ്റ്റര്‍ പറയുന്ന വീഡിയോയുടെ ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

പ്രണയ വിവാഹത്തെയും സോഷ്യല്‍ മീഡിയയേയും രൂക്ഷമായാണ് പാസ്റ്റര്‍ വിമര്‍ശിക്കുന്നത്. പ്രസംഗത്തിന്റെ ഭാഗം ഇതിനോടകം തന്നെ പല ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്. പാസ്റ്ററുടെ പരാമര്‍ശത്തെ അനുകൂലിച്ചും നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെയെത്തുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കുന്ന ആണും പെണ്ണും പിഴച്ചവരാണെന്നും അവരെ കൊല്ലണമെന്ന് വേദഗ്രന്ഥങ്ങളില്‍ പറയുന്നുണ്ടെന്നും പാസ്റ്റര്‍ സൂചിപ്പിക്കുന്നുണ്ട്.

‘വളര്‍ത്തി വലുതാക്കി പാട്ടും പ്രാര്‍ത്ഥനയും സണ്‍ഡേ സ്‌കൂളടക്കം സകല കാര്യങ്ങളും പഠിപ്പിച്ച് വന്നു, അവള്‍ ഏതാണ്ടൊക്കെയോ പാകമായപ്പോള്‍ ഗുഡ് മോണിംഗ്, ഗുഡ് നൈറ്റ്, ഗുഡ് ഈവനിംഗ് എന്നൊക്കെ അയച്ച ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി.

ഗുഡ് മോണിംഗും ഗുഡ് ഈവനിങ്ങൊക്കെ പറഞ്ഞ് തുടങ്ങിയതാ, പിന്നെ കഴിച്ചോ കുടിച്ചോ എന്നൊക്കെയായി, പിന്നെ നീളമുള്ള വാക്കുകളായി, അവസാനം അവന്‍ വിളിച്ചു ഞാന്‍ കഞ്ഞിക്കുടിയിലുണ്ട്, ഇറങ്ങിപോരാന്‍ പറഞ്ഞു, അവളിറങ്ങിയങ്ങ് പോയി.

ഇങ്ങനെയൊരു സൈസ് നമ്മുടെ വീട്ടിലുണ്ടെങ്കില്‍ എന്ത് ചെയ്യണം അവളെ? അവളെ പുരോഹിതന്മാരുടെ കയ്യില്‍ കൊണ്ടുകൊടുക്കണം, അവര്‍ അവളെ പാളയത്തിന് പുറത്തുകൊണ്ടുപോയി ചുട്ടുകളയും, അവളെ വെച്ചേക്കരുത്. അന്യ പുരുഷന് വിധേയപ്പെട്ട, അപ്പനേയും അമ്മയേയും ആക്ഷേപം വരുത്തിയവളെ വീട്ടില്‍ വെക്കരുത് ചുട്ട് കളയണം.

പിഴച്ച പെണ്‍കുട്ടിയെ ചുട്ട് കളയുകയാണെങ്കില്‍ ധിക്കാരിയായ മകനെ പിടിച്ചുകെട്ടി മൂപ്പന്മാരുടെയും പുരോഹിതന്മാരുടെയും അടുത്ത് കൊണ്ടുപോകണം. അവനെ ഉന്തിതള്ളി പാളയത്തിന് പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊല്ലണം,’ പാസ്റ്റര്‍ പ്രസംഗത്തില്‍ പറയുന്നു.

Content Highlights: Pastor’s speech make controversy

We use cookies to give you the best possible experience. Learn more