| Monday, 4th March 2019, 6:18 pm

ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ 45 എന്‍.ആര്‍.ഐകളുടെ പാസ്‌പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ 45 എന്‍.ആര്‍.ഐകളുടെ പാസ്‌പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വനിതാ ശിശു വികസന മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്.

ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളയുന്ന എന്‍.ആര്‍.ഐ ഭര്‍ത്താക്കന്‍മാരുടെ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഒരു നോഡല്‍ ഏജന്‍സിയെ നിയോഗിച്ചിരുന്നു. ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് 45 എന്‍.ആര്‍.ഐകളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നത്.


വനിതാ ശിശു വികസന മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവ അധ്യക്ഷനായ ഏജന്‍സിയാണ് അന്വേഷണം നടത്തിയത്.

ഭാര്യമാരെ ഉപേക്ഷിച്ചു കടന്ന എന്‍.ആര്‍.ഐ ഭര്‍ത്താക്കന്‍മാര്‍ക്ക് വേണ്ടി ഏജന്‍സി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.

എന്‍.ആര്‍.ഐ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിച്ച സ്ത്രീകളുടെ നീതിക്കായി രാജ്യസഭയില്‍ പുതിയ ബില്‍ അവതരിപ്പിച്ചതായും മനേക ഗാന്ധി അറിയിച്ചു. എന്നാല്‍ ഈ ബില്‍ രാജ്യസഭ പാസാക്കിയില്ലെന്നും മന്ത്രി വ്യക്തമാക്കി.


വിദേശകാര്യ മന്ത്രാലയവും വനിതാ ശിശു വികസന വകുപ്പും ആഭ്യന്തര മന്ത്രാലയവും നീതി ന്യായ വകുപ്പും സംയുക്തമായാണ് ഈ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more