അങ്കാറ: തുർക്കിയിൽ താമസിക്കുന്ന 30 ലക്ഷത്തിലധികം സിറിയൻ അഭയാർത്ഥികളുടെ പാസ്പോർട്ടുകൾ ടെലിഗ്രാം ചാനലുകളിൽ ചോർന്നെന്ന് റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള ഒന്നിലധികം നഗരങ്ങളിൽ സിറിയക്കാരെ ലക്ഷ്യമിട്ടുള്ള വംശീയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പാസ്പോർട്ടുകൾ ടെലിഗ്രാം ഗ്രൂപ്പുകളിൽ ചോർന്നത്.
“തുർക്കി കലാപം” എന്ന് പേരുള്ള ഒരു ടെലിഗ്രാം അക്കൗണ്ടിൽ വ്യാഴാഴ്ച വൈകിട്ടോടെയാണ് സിറിയൻ പൗരന്മാരുടെ പാസ്‌പോർട്ടുകൾ പ്രത്യക്ഷപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നമുക്ക് ആദ്യം അവരുടെ പാസ്‌പോർട്ടുകളിൽ നിന്ന് ആരംഭിക്കാമെന്നും തുടർന്ന് തങ്ങൾ അവരെ അവസാനിപ്പിക്കുമെന്നാണ് ടെലിഗ്രാം ഗ്രൂപ്പിൽ പാസ്പോർട്ട് വിവരങ്ങൾ പങ്കുവെച്ച് ചർച്ച നടന്നത്. രാജ്യത്തെ സിറിയൻ അഭയാർത്ഥികളെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളാണ് ഈ ഗ്രൂപ്പുകളിൽ വന്നത്.
പാസ്പോർട്ടുകൾ ചോർന്നെന്ന് തുർക്കി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. പാസ്പോർട്ട് പങ്കുവെച്ച ടെലിഗ്രാം ഗ്രൂപ്പുകളുടെ പ്രവർത്തനം നിർത്തിയതായി സർക്കാർ വിശദീകരിച്ചു. കലാപം ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ ഗ്രൂപ്പുകൾ നിർമിച്ചതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
എന്നാൽ 14 വയസ്സുകാരനാണ് ചാനൽ നിയന്ത്രിക്കുന്നതെന്നാണ് സർക്കാർ അവകാശപ്പെട്ടത്. പാസ്പോർട്ട് ചോർന്നതിന് പിന്നാലെ സിറിയൻ അഭയാർത്ഥികളെല്ലാം ഭയത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു സിറിയൻ പൗരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഞായറാഴ്ച അനറ്റോലിയൻ നഗരമായ കെയ്‌സേരിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ സിറിയക്കാരുടെ വാഹനങ്ങളും സ്റ്റോറുകളും അക്രമികൾ നശിപ്പിക്കുകയും കെട്ടിടങ്ങൾക്ക് തീയിടുകയും ചെയ്തു.
ബുധനാഴ്ച അൻ്റാലിയയിൽ നടന്ന ആക്രമണത്തിൽ 17 വയസ്സുള്ള ഒരു സിറിയൻ ബാലൻ കൊല്ലപ്പെട്ടതായി പ്രാദേശിക റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അക്രമം ആരംഭിച്ച കെയ്‌സേരിയിൽ ആയിരക്കണക്കിന് സിറിയക്കാർ ജോലിക്ക് പോകാൻ ഭയപ്പെടുന്നതായി തുർക്കി പത്രം യെനി സഫക്ക് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വലിയ നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.
Content Highlight: Turkey: Passports belonging to millions of Syrians leaked