നിങ്ങള്‍ പുകവലിക്കുന്നവരാണോ? എങ്കില്‍ നിങ്ങളുടെ കുട്ടികള്‍ അമിത ഭാരമുള്ളവരോ പഠനനിലവാരം കുറഞ്ഞവരോ ആകുമെന്ന് ഉറപ്പ്
Daily News
നിങ്ങള്‍ പുകവലിക്കുന്നവരാണോ? എങ്കില്‍ നിങ്ങളുടെ കുട്ടികള്‍ അമിത ഭാരമുള്ളവരോ പഠനനിലവാരം കുറഞ്ഞവരോ ആകുമെന്ന് ഉറപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th January 2016, 2:52 pm

passive-smoke

പുകവലിയെ പറ്റി ഇതാ ഒരു പുതിയ പഠനം. പരോക്ഷമായ പുകവലിയിലൂടെ അഥവാ മറ്റുള്ളവരുടെ പുകവലി ശ്വസിക്കുന്നതിലൂടെ കുട്ടികളുടെ ശരീരവണ്ണം കൂടുകയും അതുവഴി ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കൂടാതെ, ഇതുമൂലം കുട്ടികളുടെ ബുദ്ധിവികാസം കുറയുമെന്നും അവരുടെ പഠന നിലവാരം കുറയുമെന്നും പഠനം പറയുന്നു.

ഇതു സംബന്ധമായ മുന്‍ പഠനത്തിലൂടെ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയാത്തതിനാല്‍ അഗസ്റ്റ സര്‍വ്വകലാശാലയിലെ ജോര്‍ജിയ മെഡിക്കല്‍ കോളേജിലെ ഒരുസംഘം ഗവേഷകരാണ് പുതിയ പഠനം നടത്തിയത്.

7നും 12നും ഇടയില്‍ പ്രായമുള്ള അമിതഭാരമുള്ള  220 ആണ്‍ കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് പഠനത്തിനായി സംഘം തിരഞ്ഞെടുത്തത്. ഇതിനുമുന്‍പ് ഈ കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ പുകവലിക്കുന്നവരാണെന്ന് ഉറപ്പ് വരുത്തിയിരുന്നു. പഠനത്തിന് കൂടുതല്‍ കൃത്യത വരുത്താന്‍ കുട്ടികളുടെ രക്ത സാമ്പിളുകള്‍ എടുത്ത് പുകയിലയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുവായ നിക്കോട്ടിന്റെ ഉല്പന്നമായ കോട്ടിനിന്‍ എത്രമാത്രം അടങ്ങിയിരിക്കുന്നു എന്നും കണ്ടെത്തി.

രക്ഷിതാക്കള്‍ പറഞ്ഞതില്‍ നിന്നും കാര്യങ്ങള്‍ 25% വിഭിന്നമാണെന്ന് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി. രക്തപരിശോധനയിലൂടെയാണ് കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. പുകവലി ശീലമുള്ള മാതാപിതാക്കളുള്ള കുട്ടികളുടെ ശരീരഭാരം വര്‍ദ്ധിക്കുമെന്നതും ഭാവിയില്‍ അത് ഡയബറ്റിസിനും മറ്റ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുമെന്നതും പഠനം പറയുന്നു.

പഠനവിധേയമാക്കിയ കുട്ടികള്‍ എത്രമാത്രം ഊര്‍ജ്വസലത പ്രകടമാക്കുന്നു, ക്രിയാത്മകത പ്രകടമാക്കുന്നു എന്നും വിലയിരുത്തിയിരുന്നു. അവരുടെ ഭൗതിക വികാസത്തിലെ കുറവും ക്ലാസ് റൂമിലെ ശ്രദ്ധയില്ലായ്മയും സ്‌കൂള്‍ ഗ്രേഡിലെ കുറവും പഠനറിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ നടത്തിയ മുന്‍ പഠനത്തില്‍, മറ്റുള്ളവരുടെ പുകവലി ആസ്മയും മറ്റ് ശ്വസനസംബന്ധമായ അസുഖങ്ങളും കുട്ടികളില്‍ വര്‍ദ്ധിക്കാനിടയാക്കുന്നു എന്നു കണ്ടെത്തിയിരുന്നു.

പുകവലിക്കുന്ന രക്ഷിതാക്കള്‍ കുട്ടികള്‍ക്കു നല്ല മാതൃകയാകുന്നില്ല എന്നുമാത്രമല്ല, അവരെ ശുദ്ധവായു ശ്വസിക്കാന്‍ സമ്മതിക്കുകയോ ആരോഗ്യകരമായ അന്തരീക്ഷത്തില്‍ വളരാന്‍ സമ്മതിക്കുകയോ ചെയ്യുന്നില്ലെന്ന് പഠനം നടത്തിയവരില്‍ ഒരാളായ ഡോ.മാര്‍ത്ത ടിങ്കന്‍ പറയുന്നു. പഠനത്തിലെ കണ്ടെത്തലുകള്‍ “ചൈല്‍ഡ്ഹുഡ് ഒബെസിറ്റി”എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.