national news
'നിയമനിര്‍മ്മാണം നടത്തുകയാണോ അതോ പാനി പൂരി ഉണ്ടാക്കല്‍ മത്സരമാണോ'?; പാര്‍ലമെന്റില്‍ ബില്ലുകള്‍ തിടുക്കത്തില്‍ പാസാക്കുന്നതില്‍ ഡെറിക് ഒബ്രിയാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 02, 07:19 am
Monday, 2nd August 2021, 12:49 pm

ന്യൂദല്‍ഹി: കുറഞ്ഞ സമയത്തിനുള്ളില്‍ വേണ്ടത്ര ചര്‍ച്ചപോലും ചെയ്യാതെയാണ് പാര്‍ലമന്റില്‍ ഓരോ ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കുന്നതെന്ന് തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാന്‍. ഏഴ് മിനിറ്റ് മാത്രമൊക്കെയെടുത്താണ് സുപ്രധാനമായ പല നിയമങ്ങളും പാസാക്കുന്നതെന്ന് ഡെറിക് പറഞ്ഞു.

ഈ തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണമാണോ അതോ പാനി പൂരി ഉണ്ടാക്കുകയാണോ എന്നാണ് ഡെറിക് പരിഹസിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ മോദിയും അമിത് ഷായും കൂടി ചേര്‍ന്ന് പാസാക്കിയത് 12 ബില്ലുകളാണ്. ഒന്ന് പരിശോധിച്ചാല്‍ ഓരോ ബില്ല് പാസാക്കാനും എടുത്തത് ഏഴ് മിനിറ്റില്‍ താഴെ മാത്രം സമയമാണ്. അല്ല നിങ്ങള്‍ നിയമനിര്‍മ്മാണമാണോ നടത്തുന്നത് അതോ പാനി പൂരി ഉണ്ടാക്കല്‍ മത്സരം നടത്തുകയാണോ,’ ഡെറിക് ട്വിറ്ററില്‍ എഴുതി.

മണ്‍സൂണ്‍ സെഷനില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളുടെ പേരും അവ പാസാക്കാന്‍ എടുത്ത സമയവും രേഖപ്പെടുത്തുന്ന ഗ്രാഫിക് ചിത്രങ്ങളോടൊപ്പമാണ് ഡെറിക് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

അതേസമയം ഡെറികിന്റെ വിമര്‍ശനത്തോട് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതാദ്യമായല്ല കേന്ദ്രത്തിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത് ഡെറിക് ഒബ്രിയാന്‍ രംഗത്തെത്തുന്നത്. മുമ്പ് 2019ല്‍ മുത്തലാഖ് ബില്‍ തിടുക്കത്തില്‍ പാസാക്കിയതിനെതിരെയും ഡെറിക് വിമര്‍ശനമുന്നയിച്ചിരുന്നു. എന്തിനാണ് ഇത്ര തിടുക്കം. നിയമനിര്‍മ്മാണമാണ്, പിസ ഡെലിവറിയല്ല. എന്നായിരുന്നു അന്ന് ഡെറിക് പറഞ്ഞത്.

ജൂലൈ 19നാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചത്. കര്‍ഷക പ്രക്ഷോഭം, പെഗാസസ് വിവാദം തുടങ്ങി നിരവധി വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Passing Laws Or Making Papri Chaat  Derek O’Brien’s Slams  Centre