|

10 അവകാശങ്ങളെ കുറിച്ചുള്ള ലിങ്ക് വിമാനകമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കണം: ഡി.ജി.സി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ക്കൊപ്പം തങ്ങളുടെ അവകാശങ്ങളെ കുറിച്ച് പറയുന്ന വെബ് പേജ് ലിങ്ക് ലഭ്യമാക്കണമെന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നല്‍കുന്ന പാസഞ്ചര്‍ ചാര്‍ട്ടറിലേക്കുള്ള ലിങ്ക് യാത്രക്കാര്‍ക്ക് നല്‍കണമെന്നാണ് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് നിര്‍ദേശിച്ചത്.

ദല്‍ഹി വിമാനത്താവളത്തില്‍ 83കാരിയായ യാത്രക്കാരിക്ക് വീല്‍ ചെയര്‍ നല്‍കാത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡി.ജി.സി.എയുടെ നിര്‍ദേശം. വിഷയം വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമയിരുന്നു. മുന്‍കൂട്ടി വീല്‍ചെയര്‍ ബുക്ക് ചെയ്തിരുന്ന വൃദ്ധയ്ക്ക് സഹായം ലഭിക്കാതെ വരികയാണുണ്ടായത്.

എസ്.എം.എസ് വഴിയോ വാട്സ്ആപ്പ് വഴിയോ യാത്രക്കാര്‍ക്ക് പാസഞ്ചര്‍ ചാര്‍ട്ടറിലേക്കുള്ള ലിങ്ക് ലഭ്യമാക്കണമെന്നും ഈ വിവരങ്ങള്‍ എയര്‍ലൈന്‍ ടിക്കറ്റുകളിലും വെബ്‌സൈറ്റുകളിലും വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

യാത്രക്കാര്‍ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇത്തരത്തില്‍ യാത്രക്കാര്‍ക്ക് പത്ത് അവകാശങ്ങളാണ് ഡി.ജി.സി.ഐ പുറത്തിറക്കിയ രേഖയില്‍ നല്‍കിയിരിക്കുന്നത്.

വിമാനയാത്ര വൈകിയതിനുള്ള നഷ്ടപരിഹാരം, നഷ്ടപ്പെട്ട ലഗേജ്, വീല്‍ചെയര്‍ സേവനങ്ങള്‍ എന്നിവ യാത്രക്കാരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യം.

വിമാന യാത്രയില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുക എന്നതാണ് ഡി.ജി.സി.എയുടെ പുതിയ ഉത്തരവ്. യാത്രക്കാരുടെ അവകാശങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിലൂടെ, അസൗകര്യങ്ങള്‍ കുറയ്ക്കാനും വിമാനക്കമ്പനികള്‍ക്ക് അവരുടെ സേവനങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്ന് ഉറപ്പാക്കാനും കഴിയുമെന്നുമാണ് ഡി.ജി.സി.ഐ കരുതുന്നത്.

യാത്രക്കാരുടെ പത്ത് അവകാശങ്ങള്‍

വിമാനം റദ്ദാക്കല്‍ നഷ്ടപരിഹാരം: ഒരു എയര്‍ലൈന്‍ ഷെഡ്യൂള്‍ ചെയ്ത യാത്രയ്ക്ക്, രണ്ടാഴ്ച മുതല്‍ ഷെഡ്യൂളിന് 24 മണിക്കൂര്‍ മുമ്പ് വരെ ഒരു വിമാനം റദ്ദാക്കുമ്പോള്‍, യാത്രക്കാര്‍ക്ക് ഒരു ബദല്‍ വിമാനം അല്ലെങ്കില്‍തുക പൂര്‍ണമായും തിരികെ നല്‍കണം.

ബോര്‍ഡിങ് നിഷേധിക്കപ്പെട്ടാല്‍ നഷ്ടപരിഹാരം: സാധുവായ ടിക്കറ്റ് കൈവശം വച്ചിട്ടും കൃത്യസമയത്ത് ചെക്ക് ഇന്‍ ചെയ്തിട്ടും ഒരു യാത്രക്കാരന് ബോര്‍ഡിങ് നിഷേധിക്കപ്പെട്ടാല്‍, ഒരു മണിക്കൂറിനുള്ളില്‍ ബദല്‍ വിമാനം നല്‍കിയില്ലെങ്കില്‍ എയര്‍ലൈന്‍ നഷ്ടപരിഹാരം നല്‍കണം.

വിമാന കാലതാമസ നഷ്ടപരിഹാരം: ഒരു വിമാനം ആറ് മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍, യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കുകയും മറ്റൊരു വിമാനത്തിനുള്ള ഓപ്ഷന്‍ നല്‍കുകയോ അല്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെ നല്‍കുകയോ വേണം. 24 മണിക്കൂറില്‍ കൂടുതല്‍ കാലതാമസം ഉണ്ടായാല്‍, യാത്രക്കാര്‍ക്ക് സൗജന്യ താമസ സൗകര്യവും നല്‍കണം.

നഷ്ടപ്പെട്ടതോ, വൈകിയതോ, കേടുവന്നതോ ആയ ബാഗേജുകള്‍ക്ക് ലഗേജ് ക്ലെയിമുകള്‍: നഷ്ടപ്പെട്ട ബാഗേജിന് കിലോഗ്രാമിന് 3,000 രൂപയും, വൈകിയതോ, കേടുവന്നതോ ആയ ബാഗേജിന് കിലോഗ്രാമിന് 1,000 രൂപയുമാണ് നഷ്ടപരിഹാരം.

മരണത്തിനോ പരിക്കിനോ ഉള്ള നഷ്ടപരിഹാരം: വിമാന സര്‍വീസുകള്‍ക്കിടെ ഒരു അപകടത്തില്‍ യാത്രക്കാരന്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ എയര്‍ലൈനുകള്‍ 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കണം.

ഭിന്നശേഷി വ്യക്തികളായ യാത്രക്കാരുടെ അവകാശങ്ങള്‍: ഭിന്നശേഷിയോ ചലനശേഷി കുറഞ്ഞവരോ ആയ വ്യക്തികള്‍ക്ക് വീല്‍ചെയറുകള്‍ പോലുള്ള സഹായം സൗജന്യമായി നല്‍കാന്‍ എയര്‍ലൈനുകള്‍ ബാധ്യസ്ഥരാണ്.

എയര്‍ലൈന്‍ വിമാനം റദ്ദാക്കലുകള്‍ക്കുള്ള റീഫണ്ട് നയം: എയര്‍ലൈന്‍ ഒരു വിമാനം റദ്ദാക്കുകയാണെങ്കില്‍, ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ക്ക് ഏഴ് ദിവസത്തിനുള്ളിലും ക്യാഷ് പേയ്മെന്റുകള്‍ക്ക് 30 ദിവസത്തിനുള്ളിലും റീഫണ്ട് പൂര്‍ണ്ണമായും നല്‍കണം.

വിമാന കാലതാമസത്തിന് സൗജന്യ ഭക്ഷണം: ആഭ്യന്തര വിമാനങ്ങള്‍ രണ്ട് മണിക്കൂറില്‍ കൂടുതലോ അന്താരാഷ്ട്ര വിമാനങ്ങള്‍ നാല് മണിക്കൂറില്‍ കൂടുതലോ വൈകിയാല്‍, എയര്‍ലൈന്‍ സൗജന്യ ഭക്ഷണവും ലഘുഭക്ഷണവും നല്‍കേണ്ടതുണ്ട്.

വിമാനം വഴിതിരിച്ചുവിടുമ്പോഴുള്ള അവകാശങ്ങള്‍: ഒരു വിമാനം മറ്റൊരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയും ആറ് മണിക്കൂറിനുള്ളില്‍ യാത്രക്കാരെ അവരുടെ ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍, എയര്‍ലൈന്‍ ബദല്‍ യാത്രാ ക്രമീകരണങ്ങളോ മുഴുവന്‍ പണവും തിരികെ നല്‍കുകയോ ചെയ്യണം.

നിരക്കുകളിലെ സുതാര്യത: വിമാനക്കമ്പനികള്‍ എല്ലാ നികുതികളും ഫീസുകളും ഉള്‍പ്പെടെ ടിക്കറ്റുകളുടെ ആകെ വില പ്രദര്‍ശിപ്പിക്കണം.

Content Highlight: Passengers should be made aware of their rights; DGCA tells airlines