| Friday, 16th September 2022, 12:29 pm

ട്രെയിനില്‍ മോഷണം ശ്രമം നടത്തിയയാളെ പിടിച്ചുവെച്ച് യാത്രക്കാര്‍; ജനല്‍കമ്പിയില്‍ തൂങ്ങി 15 കിലോമീറ്റര്‍ യാത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ട്രെയിനിന്റെ ജനലിലൂടെ മോഷണ ശ്രമം നടത്തിയയാളെ പിടികൂടി യാത്രക്കാര്‍.

ജനലിന് പുറത്തുനിന്നും യാത്രക്കാരിലൊരാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളുടെ കയ്യില്‍ യാത്രക്കാര്‍ മുറുകെ പിടിച്ചതോടെ മോഷണശ്രമം നടത്തിയയാള്‍ക്ക് 15 കിലോമീറ്ററോളം ജനാലയില്‍ തൂങ്ങിക്കിടന്ന് സഞ്ചരിക്കേണ്ടി വന്നു.

ബിഹാറിലെ ബെഗുസാരയിലായിരുന്നു സംഭവം.

ജനലിലൂടെ മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതോടെ യാത്രക്കാരിലൊരാള്‍ അയാളുടെ കയ്യില്‍ മുറുകെ പിടിക്കുകയായിരുന്നു. അപ്പോള്‍ തന്നെ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടെങ്കിലും യാത്രക്കാരന്‍ കള്ളന്റെ കൈ വിടാന്‍ തയ്യാറായില്ല.

ട്രെയിന്‍ സ്റ്റേഷന്‍ വിട്ടതോടെ മറ്റൊരു യാത്രക്കാരന്‍ കള്ളന്റെ മറ്റേ കൈ പിടിക്കുകയും വലിക്കാന്‍ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് മോഷണശ്രമം നടത്തിയയാള്‍ക്ക് ജനാല മേല്‍ തൂങ്ങിക്കിടന്നുകൊണ്ട് 15 കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വന്നത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ട്രെയിന്‍ നീങ്ങിയപ്പോള്‍ കള്ളന്‍ ഭയന്ന് നിലവിളിക്കുന്നതും, തന്റെ കൈ പൊട്ടിപ്പോകുമെന്നും താന്‍ മരിച്ചു പോകുമെന്നും പറയുന്നതും വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. തന്റെ കൈകള്‍ വിട്ടുകളയാതിരിക്കാന്‍ അയാള്‍ യാത്രക്കാരോട് അപേക്ഷിക്കുന്നതായും കാണാം.

ബെഗുസാരായിയിലെ സാഹെബ്പൂര്‍ കമാല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടാനൊരുങ്ങിയ സമയത്തായിരുന്നു ഇയാള്‍ പ്ലാറ്റ്ഫോമിന്റെ അടുത്ത് വന്ന് നിന്ന് ട്രെയിനിന്റെ ജനലിലൂടെ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത് എന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്.

സാഹെബ്പൂര്‍ കമാല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഖഗാരിയയിലേക്കാണ് മോഷ്ടാവിനെ ട്രെയിനിലെ യാത്രക്കാര്‍ ചേര്‍ന്ന് കൊണ്ടുപോയത്. അതുവരെ അയാള്‍ ജനലിലൂടെ തൂങ്ങിക്കിടക്കുകയായിരുന്നു.

മോഷണശ്രമം നടത്തിയയാളുടെ പേര് പങ്കജ് കുമാര്‍ എന്നാണ് എന്നും തിരിച്ചറിഞ്ഞു. ഇയാളുടെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlight: Passengers catches the man who tried to snatch mobile phone, forced him to travel 15 km while hanging from the window

We use cookies to give you the best possible experience. Learn more