| Thursday, 27th June 2024, 4:20 pm

കന്നുകാലികളെക്കാള്‍ മോശം അവസ്ഥയിലാണ് ട്രെയ്‌നുകളില്‍ യാത്രക്കാരെ കുത്തി നിറക്കുന്നത്; വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ട്രെയ്‌നുകളിലെ തിരക്ക് അപകടകരമായ രീതിയില്‍ വര്‍ധിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി. കന്നുകാലികളെക്കാള്‍ മോശം അവസ്ഥയിലാണ് ട്രെയ്‌നുകളില്‍ യാത്രക്കാരെ കുത്തി നിറക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു.

മുംബൈ സബര്‍ബന്‍ റെയിലിലെ ദൈനംദിന തിരക്ക് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം. തിരക്ക് കാരണം നിത്യമായി ഉണ്ടാകുന്ന മരണങ്ങളില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു.

വിഷയത്തില്‍ ഉന്നതതല പഠനം നടത്താന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് വിഷയത്തില്‍ കോടതി നിരീക്ഷണം നടത്തിയത്.

ചീഫ് ജസ്റ്റിസ് ദേവേന്ദ്ര ഉപാധ്യായ, ജസ്റ്റിസ് അമിത് ബോര്‍ക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നിരീക്ഷണം. പ്രതിസന്ധിയില്‍ അടിയന്തരമായി പരിഹാരം കാണണമെന്നും കോടതി വ്യക്തമാക്കി.

‘ട്രെയ്‌നുകളിലെ തിരക്കിനും ഇത് മൂലമുള്ള അപകട മരണങ്ങളുടെയും പൂര്‍ണ ഉത്തരവാദിത്തം ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ്. ബോംബെയിലെ ട്രെയ്‌നുകളുടെ സ്ഥിതി ദയനീയമാണ്. ദിവസേന 35,00,000 ആളുകള്‍ യാത്ര ചെയ്യുന്നുവെന്ന് വലിയ നേട്ടമായാണ് നിങ്ങള്‍ പറയുന്നത്. മുംബൈയിലെ യാത്രക്കാരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ നല്ല ജോലിയാണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് ഒരിക്കലും പറയാനാകില്ല,’ഹൈക്കോടതി പറഞ്ഞു.

ട്രെയ്‌നുകളിലെ തിരക്ക് കാരണം ഉണ്ടാകുന്ന മരണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പ്പര്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

2023ല്‍ മുംബൈ സബര്‍ബന്‍ റെയിലില്‍ പ്രതിദിനം ഏഴ് പേര്‍ മരിച്ചിട്ടുണ്ടെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. പ്രതിവര്‍ഷം 1,895 മരണങ്ങളാണ് ട്രെയ്‌നിലെ തിരക്ക് കാരണം ഉണ്ടാകുന്നതെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Passengers carried like cattle in train: Bombay Highcourt

We use cookies to give you the best possible experience. Learn more