തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച 26 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി: സഹായകമായത് യുവാവിന്റെ ട്വീറ്റ്
national news
തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച 26 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി: സഹായകമായത് യുവാവിന്റെ ട്വീറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th July 2018, 3:31 pm

ഗോരഖ്പൂര്‍: ട്രെയിനില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന 26 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. മുസാഫര്‍പൂര്‍-ബാന്ദ്ര അവാധ് എക്‌സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന ആദര്‍ശ് ശ്രീവാസ്തവ എന്ന യാത്രക്കാരന്റെ ട്വീറ്റാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്താല്‍ അധികാരികള്‍ക്ക് സഹായകമായത്.

കോച്ചില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളില്‍ അസ്വാഭാവികത തോന്നി ആദര്‍ശ് ട്വിറ്ററില്‍ കുറിപ്പിടുകയായിരുന്നു. “ഞാന്‍ ഇപ്പോള്‍ മുസാഫര്‍പൂര്‍- ബാന്ദ്ര അവാധ് എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയാണ്. എന്റെ കോച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാതെ ഉണ്ട്. അവര്‍ എല്ലാവരും കരയുകയാണ്”. ഇതായിരുന്നു ആദര്‍ശിന്റെ ട്വീറ്റ്.


Read;  നിപാ പ്രതിരോധത്തിന് ലോക ആദരവ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പുരസ്‌കാരം ഏറ്റുവാങ്ങി


ഇന്ത്യന്‍ റെയില്‍വേയ്ക്കും റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനും പ്രധാനമന്ത്രിയുടെ ഓഫീസിനും ടാഗ് ചെയ്തായിരുന്നു ട്വീറ്റ് ചെയ്തത്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ വാരണാസിയിലേയും ലക്‌നൗവിലേയും ഭരണാധികാരികള്‍ സംഭവത്തില്‍ അന്വേഷണം ആരംഭിക്കാന്‍ റെയില്‍വേയോട് നിര്‍ദേശിച്ചു.

ഗോരഖ്പൂര്‍ റെയില്‍വേ പൊലീസ് യൂണിറ്റ് ഉടന്‍ തന്നെ സംഭവം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ആന്റി ട്രാഫിക്കിങ് വിംഗിനും വിവരങ്ങള്‍ കൈമാറി.

തുടര്‍ന്ന് രണ്ട് ആര്‍.പി.എഫ് ജവാന്മാര്‍ മഫ്തിയില്‍ കപ്തന്‍ഗഞ്ജ് സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറി. ഗോരഖ്പൂരിലെത്തിയതോടെ കൂടുതല്‍ പൊലീസുകാരെത്തി കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.


Read:  സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് വര്‍ധിപ്പിക്കാന്‍ നീക്കം; ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാകുന്ന ആശുപത്രികളുടെ എണ്ണവും കുറഞ്ഞേക്കും


22ഉം 55ഉം വയസുള്ള പുരുഷന്മാരോടൊപ്പമാണ് 26 പെണ്‍കുട്ടികളെ കണ്ടെത്തിയത്. ബിഹാറിലെ പശ്ചിമ ചമ്പാരിനിലുള്ളവരായിരുന്നു എല്ലാവരും. 10 മുതല്‍ 14 വയസുവരെയുള്ള പെണ്‍കുട്ടികളായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.

എങ്ങോട്ടാണ് തങ്ങളെ കൊണ്ടുപോകുന്നതെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു. പൊലീസിന്റെ ചോദ്യങ്ങളോട് ഇവര്‍ വ്യക്തമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു. പിടിക്കപ്പെട്ടവര്‍ക്ക് കുട്ടികളെ കടത്തുന്ന മാഫിയയുമായി ബന്ധമുണ്ടോയെന്ന് ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകുകയുള്ളു എന്നാണ് പൊലീസ് പറഞ്ഞത്.