മലബാറില്‍ നിന്നും ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ പരിഗണനയില്‍: അഹമ്മദ് ദേവര്‍കോവില്‍
Kerala News
മലബാറില്‍ നിന്നും ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ പരിഗണനയില്‍: അഹമ്മദ് ദേവര്‍കോവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st May 2023, 10:45 pm

തിരുവനന്തപുരം: മലബാറില്‍ നിന്നും ഗള്‍ഫിലേക്കുള്ള യാത്രാ കപ്പല്‍ പരിഗണനയിലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പ്രവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 15 കോടി രൂപ ഈ വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്നും ഇത് ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാനാണ് ആലോചനയെന്നും മന്ത്രി വ്യക്തമാക്കി.

യാത്രാ ഷെഡ്യൂളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഉത്സവ സീസണുകളില്‍ പ്രവാസികളില്‍ നിന്നും വിമാന കമ്പനികള്‍ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് പ്രവാസികള്‍ക്ക് ഉള്ളതെന്നും മന്ത്രി പറഞ്ഞു.

യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുന്നതിനായി മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു.

കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള, സി.ഇ.ഒ സലീം കുമാര്‍, നോര്‍ക്ക ജനറല്‍ മാനേജര്‍ അജിത് കോലാശ്ശേരി, എം.ഡി.സി പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി, ഭാരവാഹികളായ അഡ്വ. എം.കെ. അയ്യപ്പന്‍, സുബൈര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

contenthighlight: Passenger ship from malabar to gulf under consideration: Ahammed devar Kovil