| Sunday, 13th April 2014, 12:55 am

ജനങ്ങളുടെ ആശങ്ക നേരിട്ടറിയാന്‍ പശ്ചിമഘട്ട സംവാദയാത്ര തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കാസര്‍കോട്: ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട മേഖലയിലെ ജനങ്ങളുടെ ആശങ്ക നേരിട്ട് മനസിലാക്കാന്‍ യൂത്ത് ഡയലോഗിന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട സംവാദയാത്രയ്ക്ക് തുടക്കമായി. കാസര്‍കോട് ബേഡകത്ത് നിന്നാണ് യാത്ര തുടങ്ങിയത്.

പശ്ചിമഘട്ട പ്രദേശത്തെ കര്‍ഷക ആദിവാസി ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളും ആശങ്കകളും നേരിട്ട് മനസിലാക്കുന്നതിനും പശ്ചിമഘട്ട വനമേഖലയെ അടുത്തറിയുന്നതിനും ഉദ്ദേശിച്ചുള്ളതാണ് യാത്ര. പശ്ചിമഘട്ട മേഖലയിലൂടെ 50 ദിവസം നീണ്ടുനില്‍ക്കുന്ന പദയാത്ര മേയ് 31ന് തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിനടുത്തുള്ള വ്‌ളാവട്ടി ഗ്രാമത്തിലായിരിക്കും സമാപിയ്ക്കുക.

ബേഡകത്ത് കാഞ്ഞിരത്തുങ്കാല്‍ ടൗണിലെ തുറന്ന സ്‌റ്റേജില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ആദിവാസി മൂപ്പനും നാടന്‍ നെല്‍വിത്തിനങ്ങളുടെ സംരക്ഷകനുമായ ചെറുവയല്‍ രാമന്‍, പട്ടികജാതി പട്ടികവര്‍ഗ സംരക്ഷണ മുന്നണി പ്രവര്‍ത്തകന്‍ വിജയന്‍ അമ്പലക്കാട്, വി.എസ്. രാധാകൃഷ്ണന്‍, ശോഭീന്ദ്രന്‍ മാസ്റ്റര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ. രാമചന്ദ്രന്‍ എന്നിവര്‍ സ്ഥിരം യാത്രാംഗങ്ങള്‍ക്ക് ബാനര്‍ കൈമാറികൊണ്ട് യാത്ര ഉദ്ഘാടനം ചെയ്തു.

യാത്രാ കോഓഡിനേറ്ററു ഫോട്ടോഗ്രഫറുമായ എന്‍.എ. നസീര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, എന്‍. സുബ്രഹ്മണ്യന്‍, എം. സുള്‍ഫത്ത്, കെ. ബാലകൃഷ്ണന്‍, ഫാ. അഗസ്റ്റിന്‍ വട്ടോലി, ഡോ. ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ബേഡകം ഗവ. യു.പി സ്‌കൂളില്‍ വൈകീട്ട് ഏഴ് മണി മുതല്‍ ഊരാളി സമുദായം അവതരിപ്പിച്ച സംഗീത പരിപാടികള്‍, മംഗലം കളി, എരുത്കളി, മുടിയാട്ടം തുടങ്ങിയ നാടന്‍ കലാപരിപാടികളും യാമിനി പരമേശ്വരന്‍, സുരേഷ് നാരായണന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഊരു കവര്‍ന്നു… ഉയിരും എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും എന്‍.എ. നസീറിന്റെ ഫോട്ടോ പ്രദര്‍ശനവും നടന്നു.

കുട്ടികളും യുവജനങ്ങളുമടങ്ങുന്ന സംഘത്തില്‍ സ്ഥിരം യാത്രികരായി 35ഓളം പേര്‍ ഉണ്ടാകും. താല്‍ക്കാലികമായി വന്നത്തെുന്നവരടക്കം 60 പേരാണ് ഒരു ദിവസത്തെ യാത്രയില്‍ പങ്കാളികളാവുക. ഒരുദിവസം 15 കി.മീറ്റര്‍ കാല്‍നടയായി സഞ്ചരിക്കും. വഴിനീളെ പൊതുജനങ്ങള്‍, കര്‍ഷക സംഘടനകള്‍, ആദിവാസിദലിത് സംഘടനകള്‍, പരിസ്ഥിതിസാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

സംഗീതം, ഡോക്യുമെന്ററി പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, തെരുവ് നാടകം തുടങ്ങിയ മാധ്യമങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവരില്‍നിന്ന് നേരിട്ടു കേള്‍ക്കുന്നതിനും വേണ്ടിയാണ് യാത്രയെന്ന് സംഘാടകര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more