കോഴിക്കോട്: വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതിയില്‍ ധവള പത്രം ഇറക്കണമെന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നെന്ന് പശ്ചിമ ഘട്ട സംരക്ഷണ സമിതി. പത്രപ്രസ്താവനയിലൂടെയാണ് പശ്ചിമ ഘട്ട സംരക്ഷണ സമിതി വി.എസിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തത്.
മുന്‍ ഗവണ്‍മെന്റ് അദാനിക്ക് തുറമുഖ കരാര്‍ നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നതാണെന്നും എന്നിട്ടും കരാര്‍ പുന:പരിശോധിക്കാന്‍ പുതിയ ഗവണ്‍മെന്റ് തയ്യാറാകാത്തത് ശരിയായില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
യഥാര്‍ത്ഥ പദ്ധതി രേഖകളിലെ നിര്‍ദേശങ്ങളും വ്യവസ്ഥകളും ലംഘിച്ചാണ് ഇപ്പോള്‍ അദാനി പല നിര്‍മ്മാണ പ്രവര്‍ത്തികളും നടത്തുന്നത്. പദ്ധതിക്കായി 65 ലക്ഷം ടണ്‍ പാറക്കല്ലുകള്‍ ഉപയോഗിച്ച് 3.8 കിലോമീറ്റര്‍ നീളമുള്ള നിര്‍മ്മിക്കുമെന്നാണ് പദ്ധതി രേഖയില്‍ ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതുവരെ 6ലക്ഷം ടണ്‍ പാറക്കല്ലുകള്‍ ഉപയോഗിച്ചെന്നും ഇനി ഒരു കോടി ടണ്‍ പാറക്കല്ലുകള്‍ വേണ്ടി വരുമെന്നുമാണെന്നും ചൂണ്ടിക്കാട്ടുന്ന സമിതി പാറകള്‍ കൊണ്ടു വരുന്നതും കരാറിനു വിരുദ്ധമായിട്ടാണെന്നും ചൂണ്ടിക്കാട്ടുന്നു.
“ഇതുവരെ ഉപയോഗിച്ച പാറക്കല്ലുകള്‍ പുരാവസ്തു സംരക്ഷണ നിയമപ്രകാരം ഖനനം നിരോധിച്ചിട്ടുള്ള പാണ്ഡവന്‍ പാറ മേഖലയില്‍ നിന്നാണ് കൊണ്ടു വന്നത്. എന്നാല്‍ പദ്ധതി രേഖയിലാകട്ടെ തമിഴ്‌നാടിലെ തക്കല നിന്നും പാറക്കല്ലുകള്‍ കൊണ്ടുവന്ന് പുലിമുട്ട് നിര്‍മ്മിക്കുമെന്നാണ് ഉണ്ടായിരുന്നത്” സമിതി ചൂണ്ടിക്കാട്ടുന്നു.
വിഴിഞ്ഞം കടലിന് ആഴം കൂടുതലാണെന്നും അതിനാല്‍ ഈ തുറമുഖ നിര്‍മ്മാണത്തിന് ഡ്രഡ്ജിംഗ് വേണ്ടെന്നുമാണ് മുന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ഏറ്റവും വലിയ ഡ്രഡ്ജറുകള്‍ വിഴിഞ്ഞം കടലിലെ അടിത്തട്ടിലുള്ള പ്രകൃതിദത്തമായ മത്സ്യ ആവാസ വ്യവസ്ഥകളെല്ലാം അദാനി വന്‍തോതില്‍ നശിപ്പിക്കുകയാണ് ഇത് ജില്ലയിലെ ആയിരക്കണക്കിന് മത്സ്യതൊഴിലാളികളുടെ ഉപജീവനത്തെയാണ് ഇല്ലാതാക്കുന്നതെന്നും പശ്ചിമ ഘട്ട സംരക്ഷമ സമിതി പറഞ്ഞു.
വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തികള്‍ മൂലം ഗംഗയാര്‍ തോടിന്റെ സ്വാഭാവിക ഒഴുക്ക് തടയപ്പെട്ടിരിക്കുന്നെന്നും അതുകൊണ്ട് ഗംഗയാര്‍ കരകവിഞ്ഞൊഴുകുന്നതിനും പരിസര പ്രദേശങ്ങളിലെ വീടുകള്‍ പോലും മലിനജലം കെട്ടിനില്‍ക്കുന്നതിനും പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിനും ഇടയാക്കിയിട്ടുണ്ടെന്നും സമിതി പറയുന്നു.
വിഴിഞ്ഞം മേഖലയാകെ അദാനിയുടെ ഭരണമാണോ നടക്കുന്നതെന്ന് സംശയമുണ്ടാകുന്ന വിധമാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും പറഞ്ഞ സമിതി പദ്ധതിയുമായ് ബന്ധപ്പെട്ടുണ്ടായ മുഴുവന്‍ പ്രശ്‌നങ്ങളും വെളിച്ചത്ത് കൊണ്ടുവരാനും നിയമലംഘനങ്ങള്‍ തടയുവാനും വി.എസ് ആവശ്യപ്പെട്ടതു പോലെ ധവള പത്രം ഇറക്കണമെന്നും പറഞ്ഞു.