[]തിരുവനന്തപുരം: പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഇറാനിയന്‍ ചിത്രമായ പര്‍വീസിന്. മജീദ് ബര്‍സേഗറാണ് ചിത്രത്തിന്റെ സംവിധായകന്‍. 15 ലക്ഷം രൂപയും സുവര്‍ണ്ണ ചകോരവുമാണ് സമ്മാനം.
ബംഗാളി സംവിധായകന്‍ കമലേശ്വര്‍ മുഖര്‍ജിയാണ് മികച്ച സംവിധായകന്‍. ബംഗാളി ചിത്രമായ മേഘ ധക്കാ താരയുടെ സംവിധായകനാണ് കമലേശ്വര്‍ മുഖര്‍ജി.
മേളയിലെ നവാഗത സംവിധായകനുള്ള രജത ചകോരം അര്‍ജന്റീനന്‍ സംവിധായകന്‍ ഇവാന്‍ വെസ്‌കോവയ്ക്ക് ലഭിച്ചു. അര്‍ജന്റീനന്‍ ചിത്രമായ ഇറാറ്റയുടെ സംവിധായകനാണ് ഇവാന്‍. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക.
അന്തര്‍ദ്ദേശീയ ചലച്ചിത്ര നിരൂപക ഫെഡറേഷന്‍ (ഫിപ്രസി) തെരഞ്ഞെടുത്ത മികച്ച മത്സരചിത്രത്തിനുള്ള അവാര്‍ഡും ഇറാറ്റയ്ക്കാണ്. മേളയിലെ മികച്ച ജനപ്രിയ ചിത്രവും ഇറാറ്റയാണ്.
മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌ക്കാരം കെ.ആര്‍ മനോജിന്റെ കന്യകാ ടാക്കീസിന് ലഭിച്ചു. മികച്ച ജനപ്രിയ മലയാള ചിത്രം സിദ്ധാര്‍ഥ് ശിവയുടെ 101 ചോദ്യങ്ങളാണ്.
ഏഷ്യന്‍ ചലച്ചിത്രങ്ങളുടെ പ്രോത്സാഹനത്തിനായുള്ള സംഘടന (നെറ്റ്പാക്ക്) ഏര്‍പ്പെടുത്തിയ മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്‌ക്കാരം ബംഗാളി ചിത്രമായ മേഘ ധക്കാ താരയ്ക്ക് ലഭിച്ചു.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡ് സമ്മാനിച്ചു.