| Thursday, 2nd March 2017, 10:25 pm

സൗരവ്വ് ഗാംഗുലി ദേശീയ ഗാനത്തിനിടെ ചൂയിംഗം ചവച്ചത് ശ്രദ്ധിക്കാത്ത മാധ്യമങ്ങള്‍ എന്തിന് എന്റെ മകനെ വേട്ടയാടുന്നു? ; വിവാദങ്ങള്‍ക്ക് മറുപടിയുമായി കാശ്മീരി താരം പര്‍വ്വേസ് റസൂലിന്റെ പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മത്സരത്തിന് മുന്നോടിയായുള്ള ദേശീയഗാനാലാപന വേളയില്‍ കാശ്മീരി താരം പര്‍വ്വേസ് റസൂല്‍ ചൂയിംഗം ചവച്ചത് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ വന്‍ വിവാദമായിരുന്നു. വിവാദത്തില്‍ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പര്‍വ്വേസിന്റെ പിതാവായ ഗുലാം റസൂല്‍.

” എന്റെ മകനത് ചെയ്യാന്‍ പാടില്ലായിരുന്നു. ദേശീയഗാനത്തിനിടെ ചൂയിംഗം ചവക്കുന്നത് ഒഴിവാക്കണമായിരുന്നു ” . ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗുലാം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

മത്സരത്തിനിടെ താരങ്ങള്‍ ചൂയിംഗം ചവക്കുന്നത് സ്വാഭാവികമാണ്. തന്റെ മകനും അങ്ങനെ ചെയ്യാറുണ്ടെന്ന് പറഞ്ഞ ഗുലാം പക്ഷെ ദേശീയ ഗാനം ആലപിക്കുന്ന വേളയില്‍ ചൂയിംഗം ചവക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് പറയുന്നു.

അതേസമയം, മുമ്പൊരിക്കല്‍ ഇന്ത്യന്‍ നായകനായിരുന്ന സൗരവ്വ് ഗാംഗുലി ദേശിയഗാനത്തിനിടെ ചൂയിംഗം ചവക്കുന്നത് താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും എന്നാല്‍ അന്നത് ശ്രദ്ധിക്കാത്ത മാധ്യമങ്ങള്‍ എന്തിനായിരുന്നു തന്റെ മകന്റെ കാര്യത്തില്‍ ഇത്ര ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

എന്തായാലും ഇനിയൊരിക്കലും ഇതുപോലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് തന്റെ മകനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘ ലൈംഗിക കുറ്റവാളിയായി അഭിനയിക്കും, പക്ഷെ..’ : സ്ത്രീ വിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന നിലപാടില്‍ വിശദീകരണവുമായി പൃഥ്വിരാജ്


കഴിഞ്ഞ ദിവസം വിവാദത്തില്‍ തന്റെ നിലപാട് എന്താണെന്ന് പര്‍വ്വേസ് റസൂല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് താരങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും തന്റെ ശ്രദ്ധ കളിയില്‍ മാത്രമാണെന്നുമായിരുന്നു പര്‍വ്വേസിന്റെ പ്രതികരണം.

കാശ്മീരില്‍ നിന്നുമുള്ള സ്പിന്നറായ പര്‍വ്വേസ് 2014 ലായിരുന്നു ഇന്ത്യയ്ക്കായി അരങ്ങേറുന്നത്. എന്നാല്‍ ടീമില്‍ നിലയുറപ്പിക്കാന്‍ സാധിച്ചില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ടീമില്‍ തിരികെ എത്തിയതിന് പിന്നാലെയാണ് പര്‍വ്വേസ് വിവാദത്തിലാകുന്നത്.

We use cookies to give you the best possible experience. Learn more