ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറപിനെ പിടികിട്ടാപ്പുള്ളിയായി കോടി പ്രഖ്യാപിച്ചു. രാജ്യദ്രോഹക്കുറ്റത്തിന്റെ പേരില്‍ മുഷറഫിനെതിരെ കോടതി നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നടപടി.
കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നിരവധി തവണ സമന്‍സ് നല്‍കിയിട്ടും ഹാജരാവാത്ത സാഹചര്യത്തിലാണ് പ്രത്യേക ട്രൈബ്യൂണല്‍ കോടതി ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ജസ്റ്റിസ് മസ്ഹര്‍ അലം ഖാന്‍ മിനാഖേലിന്റെ നേതൃത്തിലുള്ള മൂന്നംഗ കോടതിയുടേതാണ് വിധി. മുഷറഫ് പിടികിട്ടാപ്പുള്ളിയാണെന്നു പ്രഖ്യാപിച്ച് ന്യൂസ് പേപ്പറുകളില്‍ പരസ്യം നല്‍കാനും കോടതിക്കു പുറത്തും മുഷറഫിന്റെ വസതിയിലും ഇതേരീതിയിലുള്ള പോസ്റ്ററുകള്‍ പതിക്കാനും കോടതി നിര്‍ദേശിച്ചു.
മുപ്പതു ദിവസത്തിനുള്ളില്‍ മുഷറഫിനെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കണമെന്നും എഫ്.ഐ.എക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈമാസമാണ് ചികിത്സയ്ക്കായി മുഷറഫ് ദുബൈയിലേക്കു പോയത്. മുഷറഫിനു വിദേശയാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി നീക്കം ചെയ്തതിനു പിന്നാലെയായിരുന്നു ഇത്. ഇദ്ദേഹത്തിനെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ പാകിസ്ഥാനിലേക്കു തിരിച്ചുവരില്ലെന്നാണ് കരുതപ്പെടുന്നത്.
കോടതിയോട് ചോദിക്കാതെ മുഷറഫിനെ വിദേശത്തേക്കു പോകാന്‍ അനുവദിച്ചതു സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ സര്‍ക്കാറഇനോട് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു.
ജൂലൈ 12നാണ് കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍. മുഷറഫിന്റെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അന്ന് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
1999 ലാണ് മുഷറഫ് പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ അട്ടിമറിച്ചായിരുന്നു ഈ പട്ടാള നീക്കം. എന്നാല്‍ 2008ല്‍ ഇംപീച്ച്‌മെന്റിനെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയായിരുന്നു.
പിന്നീട് ദൂബൈയില്‍ താമസിച്ച മുഷറഫ് 2013ല്‍ പാകിസ്ഥാനില്‍ തിരിച്ചെത്തി. മുഷറഫിനെതിരെ നിരവധി കേസുകള്‍ നിലവിലുള്ളതിനാല്‍ അദ്ദേഹത്തിന് വിദേശത്തേക്ക് പോകുന്നതിനു വിലക്കുവന്നു. 2007 ജഡ്ജിമാരെ തടവില്‍ വെച്ച കേസിലും പാക് പ്രസിഡന്റ് ബേനസീര്‍ ഭൂട്ടോയുടെ വധത്തിലും ഇദ്ദേഹത്തിനെതിരെ കേസുണ്ട്.