| Saturday, 9th March 2013, 11:02 am

പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ബഹിഷ്‌കരിക്കും: ദര്‍ഗ മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫിന്റെ അജ്മീര്‍ സന്ദര്‍ശനം ബഹിഷ്‌കരിക്കുമെന്ന് ദര്‍ഗ അധികൃതര്‍. []

പാക് പ്രധാനമന്ത്രിയോടു സഹകരിച്ചാല്‍ അത് പാക്‌സൈന്യം തലവെട്ടിയ ഇന്ത്യന്‍ െസെനികരുടെ കുടുംബാംഗങ്ങളോടുള്ള അനാദരവാകുമെന്ന് ദര്‍ഗ മേധാവി പറഞ്ഞു.

സ്വകാര്യ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തുന്ന പര്‍വേസ് അഷ്‌റഫ് അജ്മീരിലെ സൂഫി ദേവാലയമായ ക്വാജ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയില്‍ പ്രാര്‍ഥന നടത്തും. കുടുംബാംഗങ്ങളോടൊപ്പം രാവിലെ ഒമ്പതിനു ജയ്പൂരിലെത്തുന്ന പര്‍വേസ് അഷ്‌റഫ് അവിടെനിന്നു അജ്മീറിലേക്കു പോകും.

മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരെ രാജ്യത്ത് അറുകൊല ചെയ്യുന്നു. എന്തിനാണ് രാജാ പര്‍വേസ് അഷറഫ് അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കുന്നതെന്ന് അറിയില്ല. ഇവര്‍ക്ക് പ്രാര്‍ത്ഥനക്കായി സൗകര്യമൊരുക്കാന്‍ ആകില്ലെന്നും ദര്‍ഗ അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് ജയ്പൂരില്‍ എത്തുന്ന പാക് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയം ഒരുങ്ങുന്നതിനിടെയാണ് എതിര്‍പ്പുമായി ദര്‍ഗ അധികൃതര്‍ രംഗത്തെത്തിയത്.

കുടുംബാംഗങ്ങള്‍ക്കൊത്തുള്ള സ്വകാര്യ സന്ദര്‍ശനമാണെങ്കിലും പാക് പ്രധാനമന്ത്രിക്ക് ഉച്ചഭക്ഷണ വിരുന്ന് നല്‍കുമെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞിരുന്നു.

ഇതേസമയം ദര്‍ഗ സന്ദര്‍ശിക്കാന്‍ പാക് പ്രധാനമന്ത്രി ആഗ്രഹം അറിയിച്ചതുകൊണ്ട് അദ്ദേഹത്തിന് നയതന്ത്രചട്ട പ്രകാരമുള്ള സഹായം ഒരുക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ നയതന്ത്രവിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകില്ല.

കഴിഞ്ഞ ഏപ്രിലില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചിരുന്നു

We use cookies to give you the best possible experience. Learn more