| Tuesday, 3rd December 2024, 2:53 pm

എനിക്കില്ലാത്ത ഒരു സോഫ്റ്റ്നസ് ആ കഥാപാത്രത്തിനുണ്ട്, അത് വേണമെന്ന് ഞാനും ആഗ്രഹിക്കുന്നു: പാർവതി തിരുവോത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച അഭിനയം കൊണ്ടും ശക്തമായ നിലപാടുകള്‍ കൊണ്ടും തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത താരമാണ് പാര്‍വതി തിരുവോത്ത്. 2006ല്‍ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് പാര്‍വതി അഭിനയം ആരംഭിച്ചത്. 2015ല്‍ റിലീസായ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.

ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്ന കഥാപാത്രത്തിലൂടെ കരിയറിലെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡില്‍ ജൂറിയുടെ സ്‌പെഷ്യല്‍ മെന്‍ഷനും ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിലും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് പാർവതി.

താൻ ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടമുള്ളതിനെ കുറിച്ച് പറയുകയാണ് പാർവതി. അഞ്ജലി മേനോൻ ഒരുക്കിയ കൂടെ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രം വലിയ ഇഷ്ടമാണെന്നും തനിക്കില്ലാത്ത ഒരു സോഫ്റ്റ്നസ് ആ കഥാപാത്രത്തിനുണ്ടെന്നും പാർവതി പറയുന്നു. മറ്റ് കഥാപാത്രങ്ങൾക്കെല്ലാം താനുമായി സാമ്യമുണ്ടെന്നും എന്നാൽ സോഫി അങ്ങനെയല്ലെന്നും പാർവതി പറഞ്ഞു.

‘ഞാൻ ചെയ്തതിൽ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ഏതാണെന്ന് പറയുന്നതിൽ എനിക്കൊരു ബുദ്ധിമുട്ടുമില്ല. അത് കൂടെ എന്ന ചിത്രത്തിലെ സോഫിയാണ്. അതിനൊരു കാരണം ഉണ്ടോയെന്ന് ചോദിച്ചാൽ എനിക്കറിയില്ല. എനിക്കില്ല എന്ന് തോന്നുന്ന എന്തോ ഒരു സോഫ്റ്റ്നസ് സോഫിക്കുണ്ട്.

ബാക്കി ഞാൻ അവതരിപ്പിച്ച ടെസ എന്ന കഥാപാത്രമാണെങ്കിലും സേറ എന്ന കഥാപാത്രമാണെങ്കിലും അവയ്‌ക്കെല്ലാം ഞാനുമായി സാമ്യമുണ്ട്. എന്നാലും സോഫിയും ജോഷും തമ്മിലുള്ള റിലേഷൻഷിപ്പ് അതാണ് എനിക്കറിയാത്തത്. അങ്ങനെയൊന്ന് വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

അഞ്ജലി ക്രിയേറ്റ് ചെയ്ത ലോകത്ത് സോഫിയും ജോഷും ആദ്യമായി കാണുന്ന ഒരു ഭാഗമുണ്ട്. അതിൽ തന്നെ നീയെന്റെ അടുത്ത സുഹൃത്താണ് അല്ലെങ്കിൽ എനിക്ക് പണ്ടുമുതലേ നിന്നെ അറിയാം എന്നൊരു തിരിച്ചറിവ് വരുന്നുണ്ട്. നമ്മുടെ ലൈഫിലും അങ്ങനെയാണ്, ചിലരെ നമ്മൾ ആദ്യമായി കാണുമ്പോൾ തോന്നില്ലേ, ഇയാളെ നമുക്ക് പണ്ടുമതലേ അറിയാമെന്ന്. അത് ചിലപ്പോൾ സൗഹൃദമാവാം റിലേഷൻഷിപ്പാവാം.

പണ്ടൊക്കെയാണെങ്കിൽ ഞാൻ കുറെ ചിന്തിച്ചുപോയേനെ. പക്ഷെ വ്യക്തിപരമായി എന്റെ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം സോഫിയാണ്. അത് അവതരിപ്പിക്കുമ്പോൾ ഞാൻ വളരെ എൻജോയ്‌ ചെയ്തിരുന്നു,’പാർവതി പറയുന്നു.

Content Highlight: Parvavthy About Her Favorite Character

We use cookies to give you the best possible experience. Learn more