മലയാളത്തിലെ മുന്‍നിര നായകമാരിലാണ് ഇന്ന് പാര്‍വതിയുടെ സ്ഥാനം. മികച്ച അഭിനയത്തിലൂടെ മാത്രമല്ല, എടുക്കുന്ന നിലപാടുകള്‍ കൊണ്ടുകൂടിയാണ് പാര്‍വതി മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാകുന്നത്. മലയാളത്തിന് പുറമേ തമിഴിലും കന്നഡയിലും ഹിന്ദിയിലും സുപരിചിതയായ പാര്‍വതി തെലുങ്കിലും തന്റെ സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ്.
ചില കഥാപാത്രങ്ങളില്‍ നിന്നും പുറത്ത് കടക്കാന്‍ ബുദ്ധിമുട്ടാറുണ്ടെന്നും യാത്രകളിലൂടെയാണ് താന്‍ അത് പരിഹരിക്കാറുള്ളതെന്നും പറയുകയാണ് പാര്‍വതി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി കഥാപാത്രങ്ങളെ പറ്റി പറഞ്ഞത്.
‘ചില കഥാപാത്രങ്ങള്‍ വിട്ടുപോകാന്‍ ബുദ്ധിമുട്ടാണ്. യാത്രകളിലൂടെയാണ് ചില കഥാപാത്രങ്ങളില്‍ നിന്നും പുറത്ത് കടക്കുന്നത്. കഥാപാത്രങ്ങള്‍ക്കനുസരിച്ച് ഞാന്‍ മൊത്തത്തില്‍ മാറാറുണ്ട്. എന്റെ കഥാപാത്രങ്ങളുടെ വസ്ത്രങ്ങള്‍ തന്നെയാവും ഞാനും ധരിക്കുന്നത്. ജീന്‍സ് ധരിക്കുന്ന കഥാപാത്രമാണെങ്കില്‍ ഒരു മാസത്തേക്ക് ഞാന്‍ ജീന്‍സും ക്രോപ്പ് ടോപ്പുമായിരിക്കും ധരിക്കുക,’ പാര്‍വതി പറഞ്ഞു.
അഭിനാതാവ് എന്ന നിലയില്‍ സ്വയം എത്ര മാര്‍ക്ക് നല്‍കും എന്ന ചോദ്യത്തിന് 8.5 മാര്‍ക്ക് എന്നായിരുന്നു പാര്‍വതിയുടെ മറുപടി.
താന്‍ സാധാരണ ജനങ്ങളെ പോലെ തന്നെ പുറത്ത് പോവാറുണ്ടെന്നും അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണെന്നും പാര്‍വതി പറഞ്ഞു.
‘വഴിയിലൂടെ ഒക്കെ നടക്കാറുണ്ട്. രാത്രി വൈകി ട്രെയ്‌നില്‍ യാത്ര ചെയ്യാറുണ്ട്. അധികമാരും തിരിച്ചറിയാറില്ല. അക്കാര്യത്തില്‍ ഞാന്‍ കൊവിഡിനാണ് നന്ദി പറയുന്നത്. എല്ലാവരും കൊവിഡ് വന്നതില്‍ വിഷമിക്കുന്നുണ്ട്. പക്ഷേ മാസ്‌കിന്റെ ഉപയോഗം എനിക്ക് വലിയ ഉപകാരമായി.
പുറത്ത് പോയി മരുന്നുകളൊക്കെ വാങ്ങാറുണ്ട്, ആരും തിരിച്ചറിയില്ല. ഇങ്ങനെയൊക്കെ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്’.
മമ്മൂട്ടി, പാര്‍വതി, അപ്പുണ്ണി ശശി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ പുഴു വിജയകരമായി മുന്നേറുകയാണ്. നവാഗതയായ റത്തീനയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഏപ്രില്‍ 12ന് സോണി ലിവിലൂടെയാണ് റിലീസ് ചെയ്തത്. കോട്ടയം രമേശ്, ഇന്ദ്രന്‍സ്, കുഞ്ചന്‍, നെടുമുടി വേണു, മാളവിക മേനോന്‍, ശ്രീദേവി ഉണ്ണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Parvati replied for How many marks will you give yourself as an actor