കൊച്ചി: മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീ വിരുദ്ധത രംഗത്തെ വിമര്‍ശിച്ച നടി പാര്‍വ്വതിക്കെതിരായ സൈബര്‍ ആക്രമണം വന്‍ വിവാദങ്ങളാണ് മലയാള സിനിമാ ലോകത്ത് സൃഷ്ടിച്ചത്. പാര്‍വ്വതിക്കെതിരായ അധിക്ഷേപങ്ങളില്‍ പ്രതികരണവുമായി മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ വളരെ വൈകിയുള്ള മമ്മൂട്ടിയുടെ പ്രതികരണവും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ പ്രതികരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി പാര്‍വ്വതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
വിവാദവുമായി ബന്ധപ്പെട്ട മമ്മൂട്ടിയുടെ പ്രതികരണത്തില്‍ പൂര്‍ണതൃപ്തി ലഭിച്ചെന്ന് പറയാന്‍ കഴിയില്ലെന്ന് പാര്‍വതി പറഞ്ഞു. ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
“മമ്മൂട്ടി പറഞ്ഞ കാര്യത്തില്‍ പൂര്‍ണ തൃപ്തി ഉണ്ടെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. പക്ഷെ, അദ്ദേഹം വിഷയത്തില്‍ സംസാരിച്ചതില്‍ സന്തോഷമുണ്ട്.”പാര്‍വതി പറയുന്നു. സംഭവത്തെ കുറിച്ച് മമ്മൂട്ടിയ്ക്ക് സന്ദേശമയച്ചപ്പോള്‍ ഇതൊക്കെ തനിക്ക് ശീലമുള്ളതാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടിയെന്നും പാര്‍വ്വതി പറയുന്നു. എന്നാല്‍ അപ്പോഴേക്കും വിഷയം തന്നെയും മമ്മൂട്ടിയേയും കടന്നു പോയെന്നും തന്നെയോ മമ്മൂട്ടിയെയോ മാത്രം ബാധിക്കുന്ന കാര്യത്തില്‍ നിന്നും എല്ലാവരേയും ബാധിക്കുന്ന കാര്യമായി മാറിയെന്നും പാര്‍വ്വതി പറയുന്നു.
“വിവാദത്തിന് ശേഷം പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാന്‍ നിരവധി പേര്‍ ഉപദേശിക്കുകയും എനിക്കെതിരെ സിനിമയില്‍ ലോബി ഉണ്ടാവുമെന്നും പറയുകയും ചെയ്തു. എന്നാല്‍, സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുമെന്ന് പേടിച്ച് മിണ്ടാതിരിക്കാനാവില്ല. 12 വര്‍ഷമായി സിനിമയാണ് എന്റെ ലോകം. സ്വന്തം നിലയ്ക്ക് വന്ന്, കഠിനാധ്വാനവും മനോധൈര്യവും കൊണ്ട് ചലച്ചിത്രമേഖലയില്‍ നിലനില്‍ക്കുന്നു. ഞാന്‍ ഇനിയും സിനിമ ചെയ്യും. തടസ്സങ്ങളുണ്ടായേക്കാം. പക്ഷേ ഞാന്‍ എവിടെയും പോകാന്‍ തയ്യാറല്ല.” താരം പറയുന്നു.
“പലയിടത്തും താഴ്ന്ന് നില്‍ക്കണമെന്ന് പലരും ഉപദേശിച്ചു. എന്നാല്‍ അങ്ങനെ നിന്ന് ജോലി ചെയ്യേണ്ട കാര്യം എനിക്കില്ല. പ്രതികരിച്ചതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവസരങ്ങളുണ്ടാക്കാന്‍ ഞാന്‍ തന്നെ ശ്രമിക്കും.”പാര്‍വതി പറഞ്ഞു.