| Saturday, 24th August 2024, 9:47 am

ആ നടനെ കാണുമ്പോൾ അദ്ദേഹത്തെ പോലെ ആവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നാറുണ്ട്: പാർവതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്കിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് പാര്‍വതി തിരുവോത്ത്. 18 വര്‍ഷത്തെ സിനിമാജീവിതത്തില്‍ നിരവധി സിനിമകളുടെ ഭാഗമായ പാര്‍വതി മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായി മാറി.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചു. രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും പാര്‍വതി നേടി. എം.ടി എന്ന എഴുത്തുകാരന് മലയാളസിനിമ നല്‍കുന്ന ആദരമായ മനോരഥങ്ങള്‍ എന്ന വെബ് സീരീസിലും പാര്‍വതി ഭാഗമായിട്ടുണ്ട്.

ഇപ്പോൾ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന പാ. രഞ്ജിത്ത് ചിത്രം തങ്കലാനിലും ഒരു ശക്തമായ കഥാപാത്രത്തെ പാർവതി അവതരിപ്പിക്കുന്നുണ്ട്. ചിയാൻ വിക്രം നായകനായ ചിത്രം കേരളത്തിലും മികച്ച അഭിപ്രായം നേടുന്നുണ്ട്.

വിക്രത്തെ കുറിച്ച് സംസാരിക്കുകയാണ് പാർവതി. ഒട്ടും ഈഗോയില്ലാത്ത നടനാണ് വിക്രമെന്ന് പാർവതി പറയുന്നു. വിക്രത്തെ പോലെ നല്ല അഭിനേതാവായും നല്ല സുഹൃത്തുമൊക്കെയായി മാറാൻ തനിക്കും കഴിയണമെന്ന് ആഗ്രഹമുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു. ലീഫി സ്റ്റോറീസിനോട് സംസാരിക്കുകയായിരുന്നു പാർവതി.

‘ഈഗോ എന്ന സാധനം ഒട്ടുമില്ലാത്ത ഒരു നടനാണ് വിക്രം. തങ്കലാന്റെ സെറ്റിൽ അദ്ദേഹം തങ്കലാനും ഞാൻ ഗംഗമാളുമാണ്. അത് അത്രേയുള്ളൂ. എന്നോട് മാത്രമല്ല ആ സെറ്റിലെ എല്ലാവരോടും അദ്ദേഹം അങ്ങനെയാണ്.

അങ്ങനെയുള്ള നടന്മാരെ കാണുമ്പോൾ ചിലപ്പോൾ എനിക്ക് തോന്നും, അവരെപോലെ ആവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്. എല്ലാവർക്കും അങ്ങനെയൊരു നല്ല സഹ അഭിനേതാവായും, സുഹൃത്തായും മാറാൻ എനിക്ക് അവസരം കിട്ടണേയെന്ന് നമ്മൾ ആഗ്രഹിച്ച് പോവും.

കാരണം എന്റെ സീനൊക്കെ വരുമ്പോൾ ഞാൻ ചിന്തിക്കും, ഇതെന്റെ സീനാണ്, ഞാനിത് നന്നായി ചെയ്യണമെന്നൊക്കെ. പക്ഷെ അദ്ദേഹം അങ്ങനെയല്ല,’പാർവതി തിരുവോത്ത് പറയുന്നു.

Content Highlight: Parvathy Thriuvoth Talk About Chiyan Vikram

We use cookies to give you the best possible experience. Learn more