| Wednesday, 21st August 2024, 9:11 am

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അങ്ങനെയുള്ള രണ്ട് കഥാപാത്രങ്ങളെ ജീവിതത്തിൽ കാണാൻ കഴിയില്ല: പാർവതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിലൊരാളായ എം.ടിക്ക് മലയാളസിനിമ നല്‍കുന്ന ആദരവാണ് മനോരഥങ്ങള്‍ എന്ന വെബ് സീരീസ്.

എം.ടിയുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കി എട്ട് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ആന്തോളജി സീരീസാണ് ഇത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, സിദ്ദിഖ്, പാര്‍വതി തിരുവോത്ത്, അപര്‍ണ ബാലമുരളി തുടങ്ങി വന്‍ താരനിര മനോരഥങ്ങളുടെ ഭാഗമായിട്ടുണ്ട്.

എം.ടിയുടെ എഴുത്തിനെയും കഥാപാത്രങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് പാർവതി. താൻ ആദ്യമായി വായിക്കുന്നത് എം.ടിയുടെ തിരക്കഥകൾ ആണെന്നും അതിൽ തന്നെ ആൾക്കൂട്ടത്തിൽ തനിയെ എന്ന തിരക്കഥ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്നും പാർവതി പറയുന്നു.

ആൾക്കൂട്ടത്തിൽ തനിയെ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കുറിച്ചും പാർവതി സംസാരിച്ചു. അത്തരം കഥാപാത്രങ്ങളെ ജീവിതത്തിൽ പോലും കാണാൻ കഴിയില്ലെന്നും ഇരുവരും നല്ല കലാകാരൻമാരാണെന്നും പാർവതി പറഞ്ഞു.

‘ഞാൻ ആദ്യമായി വായിക്കുന്നത് എം.ടി സാറിന്റെ സ്ക്രിപ്റ്റുകൾ ആയിരുന്നു. അല്ലാതെ അദ്ദേഹത്തിന്റെ കഥകൾ അല്ലായിരുന്നു. എന്റെ ഓർമയിൽ ആൾക്കൂട്ടത്തിൽ തനിയെയാണ് എന്നെ ഏറ്റവും സ്വാധീനിച്ച തിരക്കഥ. ഞാൻ ഒരു മൂന്നാല് തവണ അത് വായിച്ചിട്ടുണ്ട്. സീമ ചേച്ചി അവതരിപ്പിച്ച കഥാപാത്രം എങ്ങനെയാണ് എഴുതിയതെന്നും എം. ടി സാർ എങ്ങനെയാണ് അത് വിവരിക്കുന്നതെന്നും ഞാൻ ശ്രദ്ധിച്ചിരിന്നു.

അന്നൊന്നും ഇപ്പോൾ ഉള്ള പോലെയല്ല നമ്മൾ സൂപ്പർ സ്റ്റാറുകളെ കാണുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്ന് പറയുമ്പോൾ എത്ര നല്ല കലാകാരന്മാരാണ്. ഇത്രയും വലിയ രണ്ട് നടന്മാർ. അവർ അങ്ങനെയൊരു സ്ക്രീൻ സ്പേസ് ഷെയർ ചെയ്ത് അഭിനയിക്കുമ്പോൾ അതിൽ അവരുടെ കൂടെ ഒരു ഇൻവെസ്റ്റ്മെന്റ് ഉണ്ട്.

അങ്ങനെ രണ്ട് പുരുഷ കഥാപാത്രങ്ങളെ കാണാൻ കഴിയുമോ. ജീവിതത്തിൽ പോലും ഉണ്ടാവില്ല. സിനിമയിൽ അതിന്റെ പേരിൽ സൗഹൃദം അവസാനിപ്പിക്കുകയാണ്. ജീവിതത്തിൽ ഞാനൊക്കെ ഒരുപാട് കണ്ടിട്ടുണ്ട്, എന്തൊക്കെ സംഭവിച്ചാലും ആ ഒരു സൗഹൃദം അതുപോലെ നിലനിർത്തുന്നത്. ബ്രോ കോഡ് വിട്ടിട്ടുള്ള കളിയില്ല. പക്ഷെ ആ എം.ടി സാറിന്റെ എഴുത്ത് അങ്ങനെയല്ല. അതാണ് എം.ടി സാറിന്റെ ഒബ്സർവേഷൻ,’പാർവതി പറയുന്നു.

എം.ടിയുടെ തിരക്കഥയിൽ ഐ. വി ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആൾക്കൂട്ടത്തിൽ തനിയെ. മോഹൻലാൽ, മമ്മൂട്ടി, സീമ, ബാലൻ കെ.നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം അമ്മുവും( സീമ ) രാജനും (മമ്മൂട്ടി ) തമ്മിലുള്ള പ്രണയത്തിന്റെയും മോഹൻലാൽ അവതരിപ്പിക്കുന്ന അനിൽ കുമാറുമായുള്ള സൗഹൃദത്തിന്റെയുമെല്ലാം കഥയാണ് പറഞ്ഞത്.

Content Highlight: Parvathy Thriuvoth Talk About Aalkootathil Thaniye Movie

Latest Stories

We use cookies to give you the best possible experience. Learn more