ഞാന്‍ തന്നെ അത് ചെയ്യണമെന്ന് ആരോ തീരുമാനിച്ചിട്ടുണ്ട്, അല്ലെങ്കില്‍ വേറെയാരെങ്കിലും ചെയ്‌തേനെ: പാര്‍വതി തിരുവോത്ത്
Entertainment
ഞാന്‍ തന്നെ അത് ചെയ്യണമെന്ന് ആരോ തീരുമാനിച്ചിട്ടുണ്ട്, അല്ലെങ്കില്‍ വേറെയാരെങ്കിലും ചെയ്‌തേനെ: പാര്‍വതി തിരുവോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st August 2024, 2:06 pm

മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 2015-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പാര്‍വതിക്ക് ലഭിച്ചു. ടേക്ക് ഓഫിലെ പെര്‍ഫോമന്‍സിനും മികച്ച നടിക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും പാര്‍വതിയെ തേടിയെത്തി.

പാര്‍വതിയെ കൂടുതലായുംകൊമേര്‍ഷ്യല്‍ സിനിമകളില്‍ കാണാത്തത് എന്തുകൊണ്ടാണെന്ന അവതാരകന്റെ ചോദ്യത്തിന് സ്‌പോട് ലൈറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയാണ് പാര്‍വതി.

നല്ല സിനിമകളുടെയും പെര്‍ഫോമന്‍സ് ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങളുടെയും ഭാഗമാകാനാണ് തനിക്കിഷ്ടമെന്നും, ഒന്നും ചെയ്യാനില്ലാതെ സിനിമകളില്‍ താന്‍ ഒരിക്കലും ഭാഗമല്ലായിരുന്നെന്നും പാര്‍വതി തിരുവോത്ത് പറയുന്നു. കൊമേര്‍ഷ്യല്‍ സിനിമകളുടെ സംവിധായര്‍ക്ക് ആ കഥാപാത്രങ്ങളിലേക്ക് നമ്മളെ കാണാന്‍ കഴിയണമെന്നില്ലെന്നും അതൊരിക്കലും അവരുടെ കുറ്റമല്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ഉള്ളൊഴുക്ക് എന്ന സിനിമയിലെ അഞ്ചു എന്ന കഥാപാത്രം തനിക്ക് വേണ്ടി എഴുതപ്പെട്ടതാണെന്നും താന്‍ തന്നെ ചെയ്യണമെന്ന് ആരോ എവിടേയോ എടുത്ത തീരുമാനമാണെന്നും അവര്‍ പറയുന്നു. അതല്ലായിരുന്നെങ്കില്‍ ആ കഥാപാത്രം വേറെ ആരെങ്കിലും ചെയ്‌തേനെ എന്നും പാര്‍വതി പറയുന്നു.

‘ഞാന്‍ എപ്പോഴും പറയാറുള്ളൊരു കാര്യമാണ്, പണ്ടത്തെ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്, നല്ല സിനിമകള്‍ അല്ല എന്നാണെങ്കില്‍, എനിക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയാത്ത സിനിമയാണെങ്കില്‍ ഞാന്‍ വേറെ എന്തെങ്കിലും ചെയ്യും. ഒന്നിനുമല്ലാതെ ചുമ്മാ ഞാന്‍ ഒരു സിനിമ ചെയ്യില്ല.

അങ്ങനെ ഒരിക്കലും എനിക്ക് സിനിമ ചെയ്യാന്‍ പറ്റില്ല. നിങ്ങളെ എപ്പോഴും സിനിമയിലേക്ക് വിളിക്കണമെന്നില്ല. കൊമേര്‍ഷ്യല്‍ സിനിമകളില്‍ സംവിധായകര്‍ക്ക് ചിലപ്പോള്‍ നമ്മളെ കാണാന്‍ കഴിഞ്ഞെന്ന് വരില്ല. അതൊരിക്കലും ഒരു ചീത്ത കാര്യമല്ല.

ഉള്ളൊഴുക്ക് എനിക്ക് വേണ്ടി എഴുതിയ സിനിമയാണ്. ഏറ്റവും അവസാനം ഞാന്‍ തന്നെ അത് ചെയ്യണമെന്നുള്ളത് ആരോ എവിടേയോ എടുത്ത തീരുമാനമാണ്. അതല്ലായിരുന്നെങ്കില്‍ വേറെ ആരെങ്കിലും അത് ചെയ്‌തേനെ. അതുപോലെയാണ് കൊമേര്‍ഷ്യല്‍ സിനിമകളില്‍ വേറെ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതും,’ പാര്‍വതി തിരുവോത്ത് പറയുന്നു.

Content Highlight: Parvathy Thiruvothu Talks  About Why She  Is Not Doing Commercial Films